ദോഹ: ജയം നോക്കൗട്ടിലേക്ക് വഴി തുറക്കുമെന്ന ബോധ്യത്തോടെ പറങ്കിപ്പടയും കളി പിടിച്ചാൽ ഗ്രൂപിൽ ഒന്നാമന്മാരായി സാധ്യതകൾ ഇരട്ടിയാക്കാമെന്ന ബോധ്യത്തിൽ ഉറുഗ്വായിയും പന്തുതട്ടിയ ഗ്രൂപ് എച്ച് പോരാട്ടത്തിൽ ജയിച്ച് പോർച്ചുഗൽ പ്രീക്വാർട്ടറിൽ.
ബ്രൂണോ ഫെർണാണ്ടസ് നേടിയ ഒരു ജോഡി ഗോളുകളുടെ കരുത്തിലാണ് രണ്ടു കളികളിൽ മുഴുവൻ പോയിന്റുമായി പറങ്കിപ്പട നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്.
ആക്രമണവും പ്രതിരോധവും സമംചേർത്ത് കളിനയിച്ച ഇരു ടീമുകളും എതിർ ഗോൾമുഖം തേടി പാഞ്ഞുനടന്ന ആദ്യ പകുതിയിൽ നീക്കങ്ങൾ കൃത്യതയില്ലാതെ മടങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും അണിനിരന്ന പോർച്ചുഗൽ തന്നെയായിരുന്നു ഒരു പണത്തൂക്കം മുന്നിൽ.
മറുവശത്ത്, ഡാർവിൻ നൂനസും എഡിൻസൺ കവാനിയും ഉറുഗ്വായ് നീക്കങ്ങൾക്ക് ചുവടു പിടിച്ചു. വലനെയ്തു മുന്നേറിയ മുന്നേറ്റങ്ങളുമായി റോണോ സേന ഗോളിനരികെയെത്തിയ മുഹൂർത്തങ്ങൾ ചിലതു പിറന്നെങ്കിലും കാലുകൾ ലക്ഷ്യം മറന്നു.
19ാം മിനിറ്റിൽ 25 വാര അകലെനിന്ന് റൊണാൾഡോ എടുത്ത ഫ്രീകിക്ക് ആയിരുന്നു കളിയിലെ ആദ്യ ഗോളവസരം. മുന്നിൽ കാത്തുനിന്ന മത്തിയാസ് വെസിനോ പന്ത് തലവെച്ച് അപകടമൊഴിവാക്കി. 10 മിനിറ്റ് കഴിഞ്ഞ് പെനൽറ്റി ബോക്സിലേക്ക് നീട്ടിക്കിട്ടിയ പാസ് ബ്രൂണോ ഫെർണാണ്ടസ് ഹെഡ് ചെയ്തത് ഗോളിയുടെ കൈകളിൽ വിശ്രമിച്ചു.
യൊഓവോ ഫെലിക്സ്, റൂബൻ നെവസ് എന്നിവരുടെ നീക്കങ്ങളും അർധജീവനായി ഒടുങ്ങി. 33ാം മിനിറ്റിൽ ഉറുഗ്വായ്ക്കും കിട്ടി മനോഹരമായ ഒരു ഗോൾ മുഹൂർത്തം. റോഡ്രിഗോ ബെന്റൻകർ മധ്യനിരയിൽനിന്ന് തുടക്കമിട്ട നീക്കം പ്രതിരോധവും കടന്ന് ഗോളിലെത്തിയെന്നു തോന്നിച്ചെങ്കിലും ഗോളി തടുത്തിട്ടു.