അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ക്രൊയേഷ്യ ലോകകപ്പ് ക്വാർട്ടറിൽ. ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-1ന് മറികടന്നാണ് ക്രൊയേഷ്യ തുടർച്ചയായ രണ്ടാം തവണയും ലോകകപ്പിന്‍റെ ക്വാർട്ടറിലേക്ക് മുന്നേറിയത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചു. തുടർന്ന് മത്സരം അധികസമയത്തേക്ക് നീണ്ടെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഇതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് നീണ്ടത്. ഖത്തർ ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ടിനാണ് ജപ്പാൻ-ക്രൊയേഷ്യ മത്സരം സാക്ഷിയായത്
ജപ്പാൻ താരം മിനാമിനോ എടുത്ത ആദ്യ കിക്ക് തന്നെ ക്രൊയേഷ്യ ഗോളി സേവ് ചെയ്തു. എന്നാൽ ക്രൊയേഷ്യൻ താരം നിക്കോളാ റാഫിച്ച് ആദ്യ കിക്ക് തന്നെ ഗോളാക്കിയതോടെ യൂറോപ്യൻ ടീം മുന്നിലെത്തി. ജപ്പാൻ രണ്ടാം കിക്ക് നഷ്ടമാക്കി. അവിടെയും താരമായത് ക്രൊയേഷ്യൻ ഗോളിയാണ്. രണ്ടാമതും ക്രൊയേഷ്യ ലക്ഷ്യം കണ്ടതോടെ ക്രൊയേഷ്യ 2-0ന് മുന്നിലെത്തി.
അടുത്ത കിക്ക് ജപ്പാൻ താരം അസാനോ ലക്ഷ്യം കണ്ടു. പിന്നാലെ ക്രൊയേഷ്യൻ താരം ലിവാജ കിക്ക് നഷ്ടമാക്കി. ഇതോടെ സ്കോർ 2-1 ആയി. എന്നാൽ അടുത്ത കിക്ക് ജപ്പാൻ താരം യോഷിദ നഷ്ടമാക്കുകയും ക്രൊയേഷ്യൻ താരം പസാലിക് ലക്ഷ്യം കാണുകയും ചെയ്തതോടെ ക്രൊയേഷ്യ വിജയാഹ്ലാദം തുടങ്ങി. ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവാകോവിച്ചാണ് ഇന്നത്തെ മത്സരത്തിലെ താരം.