അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് തുണയായി. 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് 48 മണിക്കുറിനുള്ളിൽ ലഭിച്ചത് 55 ലക്ഷം


കൂടല്ലൂർ : ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്നതിനിടെ, മകന്‍റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങൾക്കകം ബാങ്ക് അക്കൗണ്ടിലെത്തിയത് 55 ലക്ഷം രൂപ.


കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് സുമനസുകളുടെ സഹായപ്രവാഹം കിട്ടിയത്. ഇവരുടെ ദുരിതത്തെക്കുറിച്ച് കൂടല്ലൂർ സ്വദേശിനിയായ വട്ടേനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഗിരിജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ആളുകൾ സഹായവുമായി എത്തിയത്.

സെറിബ്രൽ പാൾസി രോഗം ബാധിച്ച് തീർത്തും കിടപ്പിലായ 17 വയസുള്ള മകൻ ഉൾപ്പെടെ മൂന്നു മക്കളാണ് സുഭദ്രയ്ക്കുള്ളത്. പൊട്ടി പൊളിയാറായ ചിതലരിച്ച, പാള കൊണ്ട് ചോർച്ച അടച്ച പഴകിയ വീട്ടിലാണ് താമസം. അഞ്ച് മാസം മുമ്പ് ഭർത്താവ് മരിച്ചതോടെ ജീവിതം തീർത്തും ദുരിതത്തിലായി.



രോഗിയായ മകനൊപ്പം മറ്റ് രണ്ട് മക്കളെ കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിയ്ക്ക് പോവുക. പണിക്ക് പോവാൻ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായി. മറ്റുവഴിയില്ലാതെ സുഭദ്ര 500 രൂപയ്ക്കായി വട്ടേനാട് സ്കൂളിലെ ഗിരിജ ടീച്ചറെ വിളിച്ചു. സുഭദ്രയ്ക്ക് 1000 രൂപ അയച്ചു കൊടുത്തതിനൊപ്പം ടീച്ചർ അവരുടെ വീട് സന്ദർശിച്ച് ദുരിതത്തെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

പോസ്റ്റിടുമ്പോൾ ടീച്ചറുടെ മനസിലുണ്ടായിരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ആ കുഞുങ്ങളെ പണി തീരാത്ത വീട് പൂർത്തിയാക്കി മാറ്റി താമസിപ്പിക്കണം. രണ്ടാമത് മക്കളുടെ ആഹാരത്തിനും വസ്ത്രത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ആ അമ്മക്കിനി ആരെയും വിളിച്ച് കെഞ്ചേണ്ടി വരരുത്.

ഫേസ്ബുക്ക് പോസ്റ്റിട്ട് 48 മണിക്കൂറിനുള്ളിൽ 55 ലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലെത്തിയത്.
ആവശ്യത്തിലധികം സംഖ്യയായപ്പോൾ വിവരം ടീച്ചർ തന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു.



ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ നൽകിയവരോട് ഗിരിജ ടീച്ചർ നന്ദി അറിയിച്ചു.ഈ പണം കൊണ്ട് പാതി വഴിയിൽ കിടക്കുന്ന സുഭദ്രയുടെ വീട് പണി പൂർത്തിയാക്കണം. മകൻ്റെ തുടർ ചികിത്സ നടത്തണം. ബാക്കി സംഖ്യ നാല് പേരുടെയും പേരിൽ കൂറ്റനാട് എസ്ബിഐ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്യണം. ഇതിനെല്ലാം,നിമിത്തമായ ടീച്ചർ തന്നെ എന്നും കൂടെയുണ്ടാകും. എല്ലാവിധ സഹായങ്ങളുമായി ചാലിശ്ശേരി ജനമൈത്രി പോലീസും.

അങ്ങനെ ഒരു വഴിയുമില്ലാതെ നിന്ന സുഭദ്രയ്ക്ക് പല വഴികളിൽ നിന്ന് സഹായമെത്തി.ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവരിൽ നിന്നെത്തിയ കൈത്താങ്ങിൻ്റെ കരുതലിൽ സുഭദ്ര ജീവിതത്തിൽ പുതിയ ചുവടുകൾ വെക്കുകയാണ്.


ഗിരിജ ഹരികുമാർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമാണ്  ടീച്ചർ.ഭർത്താവ് ഹരികുമാർ സൗദി അറേബ്യയിലെ ജിസാനിലാണ്. കൂടല്ലൂർ കൂട്ടക്കടവ് പുതുക്കോടത്ത് മാധവിക്കുട്ടി അമ്മയുടെ മകളാണ്.സഹോദരിമാർ പ്രിയ, പ്രസീത.

ന്യൂസ് ഡെസ്ക് - കെ ന്യൂസ്

Below Post Ad