ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി മിശിഹായും കൂട്ടരും; ആത്മവിശ്വാസത്തില്‍ ഓസ്‌ട്രേലിയ




ദോഹ: അട്ടിമറികള്‍ തുടര്‍ക്കഥയായ ലോകകപ്പാണ് ഖത്തറില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. അതില്‍ ഫുട്‌ബോള്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വി. സൗദി അറേബ്യക്കെതിരെയാണ് ആല്‍ബിസെലസ്‌റ്റെകള്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ ഗ്രൂപ്പിലെ ശേഷിച്ചെ രണ്ട് മത്സരങ്ങളും വിജയിച്ച് പ്രീക്വാര്‍ട്ടറില്‍ എത്തിയിരിക്കുകയാണ് മെസ്സിയും കൂട്ടരും.

ഇന്ന് 12:30 ന് ഓസ്‌ട്രേലിയയായിട്ടാണ് അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം. ഗ്രൂപ്പ് ഡി യില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയയുടെ കടന്നുവരവ്. മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റ് സമ്പാദ്യത്തോടെയായിരുന്നു ഓസ്‌ട്രേലിയയുടെ പടയോട്ടം. വമ്പന്മാര്‍ക്കെല്ലാം തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്ന ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുമ്പോള്‍ ആരൊക്കെ വീഴും എന്ന ആകാംശയിലാണ് ഫുട്‌ബോള്‍ ലോകം.

ഏഴ് തവണയാണ് അര്‍ജന്റീനയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ അഞ്ച് തവണയും വിജയം ആല്‍ബിസെലസ്‌റ്റെകള്‍ക്കൊപ്പമായിരുന്നു എന്നതാണ് അര്‍ജന്റീന ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നത്. ഒരു കളി ഓസ്‌ട്രേലിയ വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിഞ്ഞു. 2007 ലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം.

2006-ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടറില്‍ എത്തുന്നത്. അര്‍ജന്റീനയെ പരാജപ്പെടുത്താനാകുമെന്ന ആത്മവിശ്വാസം കഴിഞ്ഞ ദിവസം ടീം പ്രകടിപ്പിച്ചിരുന്നു. 11 മെസ്സിയില്ലല്ലോ ഒരു മെസ്സിയല്ലേ ഒള്ളൂ എന്നായിരുന്നു ടീമിന്റെ പ്രതികരണം. എന്നാല്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി കപ്പിലേക്ക് ഒരു ചുവട് കൂടി അടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോട് കൂടി തന്നെയാണ് അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ മിശിഹായും കൂട്ടരും പോരിനിറങ്ങുന്നത്.



Below Post Ad