ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടർ ആദ്യദിനത്തിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഇന്ന് ആസ്‌ട്രേലിയയെ നേരിടും.
അവസാന മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയിൽ ഡെന്മാർ ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ഓഷ്യാനൻ രാജ്യമായ ആസ്‌ട്രേലിയ പ്രീക്വാർട്ടർ യോഗ്യത നേടിയത്.
അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള നിർണായക മത്സരം ഇന്ന് ഇതിഹാസതാരം ലയണൽ മെസ്സിക്ക് ഒരു ചരിത്രമുഹൂർത്തം കൂടിയാണ്. പ്രൊഫഷനൽ കരിയറിൽ ഇന്ന് ആയിരം മത്സരങ്ങൾ പൂർത്തിയാക്കാനിരിക്കുകയാണ് സൂപ്പർതാരം.
ദേശീയ ടീമിനായി ഇന്ന് 169-ാമത്തെ മത്സരത്തിനാണ് മെസ്സി ഇറങ്ങുന്നത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.
ഇന്ന് ജയിക്കാനായില്ലെങ്കിൽ ഒരുപക്ഷെ ലോകകപ്പിൽ 35കാരനായ മെസ്സിയുടെ അവസാന മത്സരവുമാകുമിത്. അടുത്ത ലോകകപ്പിൽ താരം ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യം സംശയമായിരിക്കും.
അതിനാൽ, എന്തു വിലകൊടുത്തും പ്രിയ താരത്തിന്റെ പേരിൽ രാജ്യത്തിനായൊരു ലോകകിരീടം സാധ്യമാക്കുക എന്ന ലക്ഷ്യമായിരിക്കും സഹതാരങ്ങളുടെ മനസിലുണ്ടാകുക.