ചങ്ങരംകുളം: കഞ്ചാവുമായി പോകുമ്പോൾ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
പൊന്നാനി കല്ലൂക്കാരന്റെ ഹൗസിൽ ശിഹാബിനെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ അറസ്റ്റ് ചെയ്തത്. ഈ മാസം 9ന് പുലർച്ചെ എടപ്പാൾ പൊന്നാനി റോഡിലാണ് ശിഹാബ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്.
എടപ്പാളിൽ നൈറ്റ് പെട്രോളിങിനിറങ്ങിയ പോലീസിനെ കണ്ട് അമിത വേഗതയിൽ ഓടിച്ച് പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശിഹാബിനെ നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ നിന്ന് ഒന്നേക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിഞ്ഞ ശിഹാബിനെ ഹോസ്പിറ്റൽ വിട്ടതോടെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രദേശത്തെ കഞ്ചാവിന്റെ മൊത്ത വിതരണക്കാരനാണ് ഇയാളെന്നും, ചങ്ങരംകുളം പൊന്നാനി മേഖലയിൽ സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നും സിഐ ബഷീർ ചിറക്കൽ പറഞ്ഞു.
ചങ്ങരംകുളം എസ്ഐ രാജേന്ദ്രൻ, എഎസ്ഐ ഉഷ, പോലീസ് ഡ്രൈവർ സെബീർ, എസ് സി പി ഒ ഷിജു, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.