എടപ്പാൾ:ഹൈദരലിയുടെ പടയോട്ടത്തിനുംമുൻപ് വരച്ചതെന്നു കരുതപ്പെടുന്ന മതസൗഹാർദത്തിന്റെ ചിഹ്നങ്ങളുൾക്കൊള്ളുന്നതുമായ ചിരപുരാതനമായ ചുമർച്ചിത്രങ്ങൾ ക്ഷേത്ര ചുമരിൽ കണ്ടെത്തി.
വട്ടംകുളം പുരമുണ്ടേക്കാട് മഹാദേവക്ഷേത്ര ചുമരിലാണ് ശൈലീ സവിശേഷതകൾകൊണ്ടും പ്രമേയത്തിലെ അസാധാരണത്വം കൊണ്ടും ശ്രദ്ധേയമായ ചുമർചിത്രങ്ങൾ കണ്ടെത്തിയത്.
ചരിത്രകാരനായ എം.ജി. ശശിഭൂഷൺ അടക്കമുള്ള ചരിത്രകാരൻമാർ ക്ഷേത്രത്തിലെത്തി നടത്തിയ പരിശോധനയിൽ ചിത്രം അത്യന്തം സവിശേഷമാണെന്ന് അഭിപ്രായപ്പെട്ടു.
തിരുവട്ടൂർ, തൃപ്രയാർ, പുണ്ഡരീകപുരം, പുത്തൻചിറ തുടങ്ങി പൗരാണിക ക്ഷേത്രങ്ങളിലെ ചിത്രങ്ങൾ ആലേഖനം ചെയ്ത കലാകാരൻമാരുടേതു തന്നെയാണ് ഈ ചിത്രങ്ങളുമെന്ന് ശശിഭൂഷൺ പറഞ്ഞു.
പഴക്കുലയുമായി വന്ന് ക്ഷേത്രഭാരവാഹികളുമായി സംസാരിക്കുന്ന അറബിയുടെ ചിത്രം ഇതിൽ ഏറെ പ്രത്യേകതയുള്ളതാണ്. ഇത് സമർപ്പണമാണോ കച്ചവടമാണോ എന്നു വ്യക്തമല്ല.
അക്കാലത്തെ മതസൗഹാർദത്തിന്റെ പ്രതീകമായും ഈ ചിത്രത്തെ കണക്കാക്കാമെന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെട്ടു. തൈക്കാട് യോഗിയാർ, പണ്ഡിതരായ പരദേശി ബ്രാഹ്മണർ എന്നിവരുടെ രൂപങ്ങളും ഇതിലുണ്ട്.
ഇവ പഠനവിഷയമാക്കി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് സംഘത്തിലുണ്ടായിരുന്ന ഗുരുവായൂർ ചുമർച്ചിത്ര പഠനകേന്ദ്രം കലാകാരൻ ശശി കോതച്ചിറ പറഞ്ഞു