കുറ്റിപ്പുറത്ത് നിന്നും പതിനൊന്ന് വർഷം മുമ്പ് കാണാതായ യുവതിയെയും കുഞ്ഞിനെയും പോലീസ് കണ്ടെത്തി. 2011ൽ കാണാതായ നുസ്രത്തിനെയും കുഞ്ഞിനെയും ആണ് മലപ്പുറം പോലീസ് ബാംഗ്ലൂരിൽ നിന്ന് കണ്ടെത്തിയത്
ജില്ലയിൽ റിപ്പോർട്ട് ചെയ്ത കാണാതായവരുടെ കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രത്യേകം നടത്തിവന്ന അന്വേഷണത്തിലാണ് നുസ്രത്തിനെയും കുട്ടിയെയും കണ്ടെത്തിയത്.
ബാംഗ്ലൂരിലെ താമസസ്ഥലത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തുന്നത്.11 വർഷമായി ബാംഗ്ലൂരിൽ കുടുംബമായി വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു നുസ്രത്തും പുതിയ ഭർത്താവും കുട്ടിയും .
അഞ്ചുമാസം മുമ്പാണ് ഇവരെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നത് . തുടർന്ന് പോലീസ് ബാംഗ്ലൂരിലെത്തി. പല ഇടങ്ങളിലും നിന്ന് ലഭിച്ച സൂചനകളെ തുടർന്ന് വിവിധ വീടുകളിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയുള്ള സൂചനകളെ തുടർന്ന് പോലീസ് നുസ്രത്തിന്റെ താമസ സ്ഥലത്ത് എത്തി . ബാംഗ്ലൂരിൽ എത്തിയ നുസ്രത്തും കുഞ്ഞും നാട്ടിലുള്ള ആരുമായി ബന്ധവുമുണ്ടായിരുന്നില്ല .
പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ തിരൂർ ജെ എം സിഎം കോടതിയിൽ ഹാജരാക്കി.ഡി എം പി ടി യു നോഡല്‍ ഓഫീസറായ ഡി വൈ എസ് പി കെ സി ബാബുവിന്റെ നേതൃത്വത്തില്‍ ഡി എം പി ടി യു അംഗങ്ങള്‍ ആണ് അന്വേഷണം നടത്തിയത്