പാലക്കാട്: മലയാളി പോളണ്ടിൽ കൊല്ലപ്പെട്ടു. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മുതൽ ഇബ്രാഹിമിനെ ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് വീട്ടുകാർ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചത്.
കഴിഞ്ഞ പത്തുമാസമായി പോളണ്ടിലായിരുന്നു ഇബ്രാഹിം കഴിഞ്ഞിരുന്നത്. ഇബ്രാഹിമിനെ കാണാനില്ലെന്ന വിവരം അറിഞ്ഞപ്പോൾ, അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽച്ചെന്ന് അന്വേഷിച്ചിരുന്നെന്നും എന്നാൽ വീടിനുള്ളിൽ പ്രവേശിക്കാൻ വീട്ടുടമ സമ്മതിച്ചില്ലെന്നും ഇബ്രാഹിമിന്റെ പോളണ്ടിലെ ഒരു സുഹൃത്ത് പറഞ്ഞതായാണ് വിവരം. ശേഷം പോലീസിനെ വിവരം അറിയിച്ചു.
എന്നാൽ പോളണ്ട് പോലീസ് സ്ഥലത്തെത്തിയെങ്കിലും സെർച്ച് വാറന്റ് ഇല്ലാതിരുന്നതിനാൽ പരിശോധന നടന്നില്ല. തുടർന്ന് ജനുവരി 25-നാണ് വീടനകത്തേക്ക് കയറാൻ സാധിച്ചതും കൊലപാതകവാർത്ത പുറത്തെത്തുന്നതും. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാൽ ഇത് ആരാണെന്നോ എന്താണ് കൊലപാതകത്തിന് കാരണമെന്നോ വ്യക്തമല്ല.