കൂടല്ലൂർ : കഴിഞ്ഞ ദിവസം നിര്യാതനായ പ്രശസ്ത ആയുർവ്വേദ ചികിത്സകൻ ഡോ. പി.കെ.കെ ഹുറൈർ കുട്ടിയുടെ കൂടല്ലൂരിലെ വസതിയിൽ ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി സന്ദർശിച്ചു.
അദ്ദേഹത്തിന്റെ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും സന്ദർശിച്ചു. ഡോ.ഹുറൈർ കുട്ടിയുടെ ഇരട്ട മക്കളായ ഡോ.ഷിയാസുമായും ഡോ.നിയാസുമായും പിതാവിൻ്റെ സ്മരണകൾ പങ്കുവെക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.
കാണാനെത്തുന്ന രോഗികളുടെ ആധിക്യത്തിലും ചികിത്സാപരമായ ഫലസിദ്ധിയുടെ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച പ്രഗൽഭനായ ആയുർവ്വേദ ഭിഷഗ്വരനായിരുന്നു ഡോ. ഹുറൈർ കുട്ടി എന്ന് സമദാനി പറഞ്ഞു.
അദ്ദേഹത്തിന്റെ വീട്ടിൽ ഏത് പാതിരാവിലും രോഗികളുടെ കൂട്ടങ്ങൾതന്നെ കാണാൻ സാധിച്ചിട്ടുണ്ട്. രാവും പകലും രോഗികളോടൊപ്പം കഴിച്ചുകൂട്ടിയ ജനകീയനായ ഡോക്ടറായിരുന്നു അദ്ദേഹം.
അവസാനകാലത്ത് മക്കൾ ഡോക്ടർമാരായിത്തീർന്ന് ആശുപത്രിയിൽ ചികിത്സ തുടങ്ങിയ ശേഷവും അദ്ദേഹത്തെ തന്നെ കണ്ട് ചികിത്സ ലഭ്യമാക്കണമെന്ന അത്യാഗ്രഹത്തോടെ ചില രോഗികൾ വീട്ടിൽ കാണാനെത്തി. ഒരു ഘട്ടത്തിലും അദ്ദേഹം ആരെയും നിരാശരാക്കിയില്ല. ആരെയും കാണാതെ തിരിച്ചയച്ചതുമില്ല. ദയയും അനുകമ്പയും ധാരാളമായി തന്റെ നെഞ്ചിൽ കൊണ്ടുനടന്ന മനുഷ്യസ്നേഹിയായിരുന്നു ഹുറൈർ കുട്ടി ഡോക്ടർ.
യൗവ്വനകാലത്ത് തന്നെ ചികിത്സയിലുള്ള സവിശേഷമായ നൈപുണ്യം ഡോ. ഹുറൈ ർ കുട്ടി ഡോക്ടർക്ക് ദൈവാനുഗ്രഹമായി വന്നുചേർന്നിരുന്നു എന്നുവേണം അനുമാനിക്കാൻ. അത്രയേറെ അദ്ദേഹത്തിൻ്റെ ചികിത്സാവിധികൾ വിജയിക്കുകയും പെട്ടെന്ന് അദ്ദേഹം പ്രശസ്തനായിത്തീരുകയും ചെയ്തു. ആ പ്രശസ്തിയും വ്യക്തിത്വമികവും അവസാനം വരെയും നിലനിർത്താനും അദ്ദേഹത്തിന് സാദ്ധ്യമായി.
സ്വല്പംപോലും കനവും ഗൗരവവും ഇല്ലാത്ത ഡോക്ടറായിരുന്നു അദ്ദേഹം. കണക്കറ്റ രോഗികൾ തിരഞ്ഞു വരുന്ന വലിയൊരു ഡോക്ടറുടെ കഴിവും മികവുമെല്ലാമുണ്ടായിട്ടും അദ്ദേഹം സാധാരണക്കാർക്കിടയിൽ അവരിലൊരാളായി കഴിഞ്ഞുകൂടി.
തൻ്റെ ശാസ്ത്രത്തിൽ ഉന്നതമായ അറിവും പരിചയവും വെച്ചുപുലർത്തുമ്പോഴും തീർത്തും ലളിതമായി ജീവിക്കുകയും അതേ രീതിയിൽ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. 'നിറകുടം തുളുമ്പുകയില്ല' എന്ന ആപ്തവാക്യം അദ്ദേഹത്തിൻ്റെ കാര്യത്തിൽ പൂർണ്ണമായും അന്വർത്ഥമായി.
ഡോ.ഹുറൈൻ കുട്ടി ജ്യേഷ്ഠതുല്യനായ സഹോദരായിരുന്നു. ആ ചിരിയും കളിയും അതിൻ്റെ പിന്നിലുള്ള തുറന്ന മനസ്സും ജീവിതത്തിൽ കണ്ടുമുട്ടിയ സ്നേഹത്തിൻ്റെ മഹത്തായ പ്രതിരൂപങ്ങളിൽപ്പെടുന്നു എന്നും സമദാനി പറഞ്ഞു