യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ഒരുക്കി കെഎസ്ആർടിസി ബസ് ജീവനക്കാർ


 

ഒറ്റപ്പാലം : യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിന് അടിയന്തര ചികിത്സയ്ക്ക് സൗകര്യം ഒരുക്കി കെഎസ്ആർടിസി ജീവനക്കാർ.

 പാലക്കാട് ഗുരുവായൂർ പാതയിൽ സർവീസ് നടത്തുന്ന ബസിലാണ് രോഗിയെ അതിവേഗം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.


പാലക്കാട്ടുനിന്നു പുറപ്പെട്ട ബസ് രാവിലെ ഒൻപതോടെ ഈസ്റ്റ് ഒറ്റപ്പാലത്ത് എത്തിയ സമയത്താണ് പട്ടാമ്പി റീ സർവേ ഓഫിസിലെ ഉദ്യോഗസ്ഥനും കണ്ണാടി സ്വദേശിയുമായ മുപ്പത്തിയെട്ടുകാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

 തൊട്ടടുത്ത സീറ്റിൽ യാത്ര ചെയ്തിരുന്ന ഒറ്റപ്പാലം റീസർവേ ഓഫിസിലെ ഉദ്യോഗസ്ഥനാണ് വിവരം കെഎസ്ആർടിസി ബസ് കണ്ടക്ടറെയും ഡ്രൈവറെയും അറിയിച്ചത്. 

ഇവർ ഒറ്റപ്പാലം പൊലീസുമായി ബന്ധപ്പെട്ടെങ്കിലും വാഹനത്തിനു കാത്തു നിൽക്കാതെ കണ്ണിയംപുറത്തെ ആശുപത്രി ലക്ഷ്യമാക്കി ബസുമായി പായുകയായിരുന്നു.

ഒറ്റപ്പാലം നഗരത്തിൽ സ്റ്റാൻഡിൽ കയറാതെ പാതയോരത്തു നിർത്തിയാണ് യാത്രക്കാരെ ഇറക്കിയത്. പിന്നീട് നേരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്. 

വിദഗ്ധ പരിശോധനയിൽ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. സമയം പാഴാക്കാതെ ആശുപത്രി അധികൃതർ ചികിത്സ ഉറപ്പാക്കി. ന്യൂറോളജി വിഭാഗത്തിലെ ഡോ. സാജന്റെ നേതൃത്വത്തിലാണു ചികിത്സ. 

രോഗി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. സമയം പാഴാക്കാതെ ചികിത്സയ്ക്ക് എത്തിച്ചതു നിർണായകമായെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Below Post Ad