റിയാദ്: ഒമ്പത് വർഷമായി നാട്ടിൽ പോകാതിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. പാലക്കാട് മുതലമട കമ്പ്രത്തുചല്ല സ്വദേശി പുത്തൻപീടിക അബുബക്കർ മുഹമ്മദാണ് (65) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
2013 സെപ്റ്റംബറിൽ അവധി കഴിഞ്ഞ് തിരിച്ചെത്തിയതിന്ന് ശേഷം നാട്ടിലെ ചില നിയമപ്രശ്നങ്ങൾ കൊണ്ട് പോകാനാവാതെ നീണ്ട ഒമ്പത് വർഷം ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നു.
ജിദ്ദയിൽ ജോലി ചെയ്തിരുന്ന അബൂബക്കർ കഴിഞ്ഞ മാസമാണ് സ്‍പോൺസറുടെ കൂടെ റിയാദിൽ എത്തിയത്. ഫെബ്രുവരി 27-ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
റിയാദിലെ സാമുഹിക പ്രവർത്തകരായ നിഹ്മത്തുല്ല, ഹുസൈൻ ഭവാദ്മി, റസാഖ് വയൽക്കര തുടങ്ങിയവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ സഹായത്തിനുണ്ടായിരുന്നു. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള തുടർ നടപടികളും ഇവരുടെ നേതൃത്വത്തിൽ നടക്കുന്നു.