പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ അനുവദിച്ച സമയം ഇനി കേവലം മൂന്നു ദിവസം കൂടി. മാർച്ച് 31നുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ച് 31 വരെ ഫീസൊന്നുമില്ലാതെ ആധാറും പാനും ബന്ധിപ്പിക്കാമായിരുന്നു. ഏപ്രിൽ 30 മുതൽ ജൂൺ വരെയുള്ള കാലയളവിൽ 500 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്. ജൂലൈ ഒന്ന് മുതൽ ഈ വർഷം മാർച്ച് 31 വരെ 1000 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഇ-ഫയലിങ് വെബ്സൈറ്റിലെ ഇ-പേ ടാക്സ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഫീസ് അടക്കാം.
മാർച്ച് 31ന് ശേഷം സമയപരിധി നീട്ടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. പാൻ കാർഡ് പ്രവർത്തനരഹിതമാവുകയാണെങ്കിൽ പുതിയ കാർഡിന് അപേക്ഷിച്ച് അത് ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും. എങ്കിൽ മാത്രമേ വിവിധ സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കൂ.
വിവിധ സേവനങ്ങൾക്കായി പഴയ പാൻ നമ്പർ നൽകിയവർക്ക് ഇത് പ്രയാസം സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, നിശ്ചിത സമയ പരിധിക്കകം തന്നെ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സുരക്ഷിതം