ആനക്കര: മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയുടെ 2021–22 വർഷത്തെ ‘മികവ്’ സംസ്ഥാന പുരസ്കാരം കൂടല്ലൂർ ഗവ. ഹൈസ്കൂളിന്. 'റേഡിയോ കൂടല്ലൂർ' എന്ന പേരിൽ സ്കൂളിൽ നടത്തിവരുന്ന റേഡിയോ സംപ്രേഷണത്തിനാണ് അവാർഡ്.
നൂറ്റമ്പതിലധികം വിദ്യാർഥികൾ വാർത്താ അവതാരകരായി എത്തിയതാണ് 'റേഡിയോ കൂടല്ലൂരിന്റെ' സവിശേഷത. വിവിധ ഭാഷകളിലുള്ള വാർത്തകൾക്കുപുറമേ സർഗവേള, ഗസ്റ്റ് ടോക്ക്, അമ്മ വായന, ദിനസന്ദേശം തുടങ്ങിയ പരിപാടികളും റേഡിയോ കൂടല്ലൂർ സംപ്രേഷണം ചെയ്യുന്നുണ്ട്.
മികവ് പ്രവർത്തനങ്ങൾ ഡിജിറ്റൽ ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ വിദഗ്ധർ ഉൾപ്പെട്ട അക്കാദമിക സംഘം ഫെബ്രുവരി ആദ്യവാരം സ്കൂളിലെത്തി റേഡിയോ കൂടല്ലൂരിന്റെ പ്രവർത്തനങ്ങൾ വീഡിയോയിൽ പകർത്തിയിരുന്നു.
പുരസ്കാരം ഏപ്രിൽ 1, 2, 3 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന പ്രഥമ കേരള സ്കൂൾ എഡ്യുക്കേഷൻ കോൺഗ്രസിൽ കൈമാറും. വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ മുപ്പതുവിദ്യാലയങ്ങളാണ് മികവ് പുരസ്കാരം നേടിയത്. ഇതിൽ ജി.എച്ച്.എസ് കൂടല്ലൂർ, ജി.എച്ച്.എസ്.എസ് മാരായമംഗലം, ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയാണ് പാലക്കാട് ജില്ലയിൽനിന്നും പുരസ്കാരത്തിന് അർഹരായത്.