മലപ്പുറം ജില്ലയിൽ റമദാൻ സ്പെഷൽ ദം സോഡകൾ വീണ്ടും സജീവം. റംദാനായതോടെയാണ് ദം സോഡകൾ തിരിച്ചു വന്നിരിക്കുന്നത്. നോമ്പു തുറന്ന ശേഷം ദം സോഡ കഴിക്കാൻ നിരവധിപ്പേരാണ് കടകളിൽ എത്തുന്നത്.
റംസാൻ മാസമാണ് എല്ലാ വർഷങ്ങളിലും ദം സോഡകൾ വിപണി കൈയടക്കാൻ എത്തുന്നത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. പച്ചമാങ്ങ, മുന്തിരി, പൈനാപ്പിൾ, ഐസ്, ഒരതി, മുജീറ്റോ, ഓറഞ്ച്, സ്ട്രോബറി, കാന്താരി, നെല്ലിക്ക, മുന്തിരി, മുഹബത്ത് കസർബത്ത് തുടങ്ങി നിരവധി ദം സോഡകൾ ലഭ്യമാണ്. കച്ചവടം12 മണി വരെ നീണ്ടുനിൽക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
നോമ്പുതുറയും രാത്രിനമസ്കാരവും കഴിഞ്ഞാൽ വഴിയോരത്തുള്ള പെട്ടിക്കടകളിൽ തിരക്കാണ്. വ്യത്യസ്ത രുചിയിലും നിറത്തിലുമുള്ള സോഡകളും വ്യത്യസ്ത പഴങ്ങൾ ഉപ്പിലിട്ടതും ആസ്വദിക്കാൻ യുവാക്കളുടെ ഒഴുക്കാണ്.
പേരുപോലെ വ്യത്യസ്തമായ സോഡകളാണിപ്പോൾ ലഭ്യമാവുന്നത്. പുറംമാന്തി സോഡ, മഞ്ചാടി സോഡ, ഗർഭംകലക്കി സോഡ, സൂനാമി സോഡ, മോര് സോഡ, നന്നാറി സോഡ എന്നിങ്ങനെ പോകുന്നു ഇവയുടെ നീണ്ട നിര.
എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ റമദാൻ സ്പെഷ്യൽ ദം സോഡ,മസാല സോഡ അടക്കമുള്ള പ്രത്യേക എരിവും പുളിയും കലർന്ന പാനീയങ്ങൾ , ശരീരത്തിന് ഹാനികരമാകുന്ന ഉപ്പിലിട്ടത് തുടങ്ങിയവയുടെ വില്പന ചില ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിച്ചിട്ടുണ്ട്
ജലജന്യ രോഗങ്ങൾ ഏറെ പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ അത്തരം വില്പന ശ്രദ്ധയിൽ പെട്ടാൽ കർശനമായ നടപടി ഉണ്ടായിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
വെബ് ഡെസ്ക് : കെ ന്യൂസ്