തൃത്താല: അനുമതിയില്ലാതെ ഗാനമേള നടത്തിയത് അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടപ്പാടം സ്വദേശി ജംഷീർ (30), ആലൂർ സ്വദേശി പ്രകാശൻ (34) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവരെയും വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മാർച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം. ആലൂർ കുണ്ടുകടവിൽ രാത്രി പത്തുമണിക്ക് ശേഷവും അനുമതിയില്ലാതെ ഗാനമേള നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ തൃത്താല എസ്.ഐ. രമേഷിനെയും ഏഴു പോലീസുകാരെയും ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു.
ആൾക്കൂട്ടത്തെ ചെറുക്കാൻ കഴിയാതെ വന്നതോടെ പോലീസ് സംഘത്തിന് പിൻമാറേണ്ടിവന്നു.
പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
കണ്ടാലറിയാവുന്ന 60 പേർക്കെതിരേയാണ് അന്നുതന്നെ തൃത്താല പോലീസ് കേസെടുത്തിരുന്നത്.