ജീവിതം അവസാനിപ്പിക്കുന്നെന്ന് വാട്സാപ് സ്റ്റാറ്റസ്;യുവ ഡോക്ടർ ജീവനൊടുക്കി


മഞ്ചേരി മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെയും ആശുപത്രി അധികൃതരുടെയും ശ്രമം വിജയിച്ചില്ല. മഞ്ചേരി മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡൻ്റും വളാഞ്ചേരി നടുക്കാവിൽ ഡോ താലിഖ് മുഹമ്മദിന്‍റെ ഭാര്യ ഡോ. ഫർസീനയേയാണ് ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഫർസീനയുടെ വാട്സാപ്പ് സ്റ്റാറ്റസ് വന്നതോടെയാണ് സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചത്. വിവരം മെഡിക്കൽ കോളജ് പി.എം.ആർ വിഭാഗം മേധാവിയെ ധരിപ്പിച്ചു. പിന്നാലെ ഡോ. ഫർസീനയുടെ ഫ്ലാറ്റിലേക്ക് ആശുപത്രിയിലെ ഓർത്തോട്ടിസ്റ്റിനെ പറഞ്ഞയച്ചു. 

ഫ്ലാറ്റിൽ ചെന്ന് ബെല്ലടിച്ചപ്പോൾ ഡോ. ഫർസീന തന്നെ കതകുതുറന്നു. കൂട്ടിക്കൊണ്ടുവരാൻ വകുപ്പ് മേധാവി ആവശ്യപ്പെട്ടതായി അറിയിച്ചു. വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയ ഫർസീന മുൻഭാഗത്തെ വാതിലും കിടപ്പുമുറിയുടെ വാതിലും അകത്തുനിന്ന് പൂട്ടി. 

പിന്നാലെ പൊലീസിൽ വിവരം നൽകി. വാതിലുകൾ ചവിട്ടി തുറന്നു പൊലീസ് അകത്തു കടന്നപ്പോഴേക്കും കിടപ്പുമുറിയിൽ ഫർസീന തൂങ്ങിമരിച്ച നിലയിലായിരുന്നു. 

തിങ്കളാഴ്ച ഉച്ചവരെ ഡോ. ഫർസീന ഡ്യൂട്ടിയിലുണ്ടായിരുന്നു. വിഷാദ രോഗത്തിന് നേരത്തെ ചികിൽസ തേടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. രണ്ടു മക്കളുണ്ട്. കൽപകഞ്ചേരി മാമ്പ്ര കുഞ്ഞി പോക്കറുടെ മകളാണ് ഡോ. ഫർസീന. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.






Below Post Ad