പൊന്നാനി കർമ പാലം ഉദ്‌ഘാടനം ഏപ്രിൽ 25ന് l KNews


 

പൊന്നാനി:  നിളയോരത്തിന്റെ സൗന്ദര്യമായ പൊന്നാനി കർമ പാലവും  നിളയോരപാതയും  25ന് വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനാകും.

ടൂറിസം മേഖലയിലും  ഗതാഗത രംഗത്തും പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്നതാണ് പാലം. കർമ്മ റോഡിനേയും  പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ചാണ് 330 മീറ്റർ നീളത്തിൽ കനോലി കനാലിനുകുറുകെ പാലം നിർമിച്ചത്.

പാലത്തോടുചേർന്ന് ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനിയിലേക്ക്‌ 250 മീറ്റർ അപ്രോച്ച് റോഡുമാണ് നിർമിച്ചത്. 
ഇതിനോടനുബന്ധിച്ച് 520 മീറ്റർ ഹാർബർ റോഡ് നവീകരണവും പൂർത്തീകരിച്ചു.

 ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങൾ പ്രകാരമാണ് പാലത്തിന്റെ നിർമാണം. കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമാകാത്ത തരത്തിലാണ് പാലത്തിന്റെ മധ്യഭാഗത്തെ ഉയരം. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽകണ്ടാണ് നിർമാണം.


330 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒമ്പത്  മീറ്റർ വീതിയിൽ രണ്ടുവരി പാതയാണ്‌. ഇതിനോടുചേർന്ന് ഒരുവശത്ത് രണ്ട് മീറ്റർ വീതിയിൽ കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. 36.28 കോടി ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും നിർമിച്ചത്‌.


ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.



Tags

Below Post Ad