തിരൂർ: മകന്റെ വിവാഹസത്കാരം നോമ്പുതുറയാക്കി മാറ്റി ഇതാ സൗഹാർദത്തിന്റെ ഒരു വ്യത്യസ്ത മാതൃക.
കൻമനം എ.എം.യു.പി. സ്കൂൾ അധ്യാപിക ജി. രാജിമോളുടെയും കാഞ്ഞങ്ങാട്ടെ ഹോട്ടൽ മാനേജർ സുരേഷ്ബാബുവിന്റെയും മകൻ ശ്യാംസുരേഷിന്റെ വിവാഹ സത്കാരമാണ് റംസാൻ പ്രമാണിച്ച് വേറിട്ട രീതിയിൽ നടത്തിയത്.
മൂവാറ്റുപുഴ സ്വദേശികളാണ് രാജിമോളും സുരേഷ്ബാബുവും. രാമശ്ശേരി എ.എം.എൽ.പി. സ്കൂൾ അധ്യാപകനാണ് ശ്യാംസുരേഷ്. ഒട്ടേറേ മുസ്‌ലിം സുഹൃത്തുക്കളുള്ള ഇവർക്ക് സത്കാരത്തിൽ അവരെ പങ്കെടുപ്പിക്കാൻ കഴിയാത്തത് വിഷമമുണ്ടാക്കിയിരുന്നു. അതിനാലാണ് സത്കാരത്തിന് പകരം നോമ്പുതുറയാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ശ്യാംസുരേഷിന്റെയും പുൽപ്പറ്റ വൈഷ്ണവി നിലയത്തിൽ സന്തോഷ്-മിനി ദമ്പതിമാരുടെ മകൾ വൈഷ്ണവിയുടെയും വിവാഹം.
ഞായറാഴ്ച വാരണാക്കര റെഡ്റോസ് കൺവെൻഷൻ സെന്ററിലാണ് നോമ്പുതുറ സംഘടിപ്പിച്ചത്.