പാലക്കാട് : 45 ഡിഗ്രി കടന്ന് സംസ്ഥാനത്തെ താപനില. പാലക്കാട് എരിമയൂരിലാണ് താപനില 45.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
തൃശ്ശൂരിൽ വെള്ളാനിക്കരയിലും പീച്ചിയിലും ചൂട് 42 ഡിഗ്രി കടന്നു. പാലക്കാട് മലമ്പുഴയിൽ 42.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
കാലാവസ്ഥാ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 14 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു.
വരുംദിനങ്ങളിൽ ചൂട് ഉയരുമെന്ന മുന്നറിയിപ്പുകൂടി പുറത്തുവന്നതോടെ കടുത്ത ജാഗ്രത പുലർത്തേണ്ടിവരും. വേനൽമഴക്കുള്ള സാധ്യതകളും വിദൂരമാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ ലഭിക്കുമെങ്കിലും ചൂട് കുറയാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ ഗവേഷകരുടെ വിലയിരുത്തൽ. തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് മധ്യകേരളത്തിൽ പൊതുവേ ചൂട് കൂടും.
പുറത്തിറങ്ങുമ്പോൾ വേണം കരുതൽ
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് കൂടുതൽ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു