തൃത്താല: കൃത്യമായ പരിശോധനയിലൂടെയും നടപടികളിലൂടെയും പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം കുറച്ച് പരുതൂര്‍ ഗ്രാമപഞ്ചായത്ത്.
ക്ലീന്‍ പരുതൂര്‍ ക്യാമ്പയിന് ശേഷം പഞ്ചായത്തിലെ മാലിന്യ കൂമ്പാരങ്ങള്‍ക്ക് വലിയ രീതിയിലുള്ള കുറവാണ് വന്നിരിക്കുന്നത്. മെയ് 13 ന് ആരംഭിച്ച ക്യാമ്പയിനില്‍ പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മെയ് 20 ന് വീണ്ടും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
എന്നാല്‍ ചില സ്ഥലങ്ങളില്‍ മിനി എം.സി.എഫുകള്‍ക്ക് മുന്‍വശങ്ങളില്‍ ജ്യൂസ് കടകളിലെയും പലചരക്ക് കടകളിലെയും ബാര്‍ബര്‍ ഷോപ്പിലെയും മാലിന്യം നിറയാന്‍ തുടങ്ങിയതോടെ പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തിരച്ചില്‍ ആരംഭിച്ചു.
മാലിന്യങ്ങളില്‍നിന്ന് തെളിവുകള്‍ ശേഖരിച്ച് അവയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു. കെ.എസ്.ഇ.ബി ബില്ലുകള്‍ അടക്കമുള്ളവയാണ് പരിശോധനയില്‍ ലഭ്യമായത്. ബാങ്ക്, കെ.എസ്.ഇ.ബി ഓഫീസ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം തള്ളിയവരുടെയും കടകളുടെയും വിലാസവും മറ്റ് രേഖകളും ശേഖരിച്ചു.
സ്ഥാപനങ്ങള്‍ക്കെതിരെ പിഴ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിച്ചതിനാല്‍ പഞ്ചായത്തില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കുറഞ്ഞിട്ടുണ്ട്.