ചൈനയിൽ വാഹനാപകടത്തിൽ മരണപ്പെട്ട വിളയൂർ സ്വദേശി ജസീമിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും


 

വിളയൂർ : ചൈനയിൽ വാഹനാപകടത്തിൽ മരിച്ച എൻജിനീയറിംഗ് വിദ്യാർത്ഥി വിളയൂർ പുളിഞ്ചോട് സ്വദേശി മുഹമ്മദ് ജസീമിൻ്റെ  മൃതദേഹം ഇന്ന് (29-05-2023 തിങ്കളാഴ്ച) ഉച്ചക്ക് ശേഷം നാട്ടിലെത്തും.

ചൈനയിൽ നിന്നും വിമാന മാർഗ്ഗം ഇന്നലെ രാത്രി ചെന്നൈയിൽ എത്തിച്ച മൃതദേഹം ആംബുലൻസിലാണ് വിളയൂരിലേക്ക് എത്തിക്കുക. ഖബറടക്കം ഇന്ന് അസർ നിസ്കാര ശേഷം വൈകുന്നേരം 4.30ന്  പൊയ്തിയിൽ മഹല്ല് ഖബർസ്ഥാനിൽ  നടക്കും.

കഴിഞ്ഞ ഏപ്രിൽ 28 നാണ് റോഡപകടത്തിൽ
നഞ്ചിങ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗിന് വിദ്യാർത്ഥിയായിരുന്ന വിളയൂർ പുളിഞ്ചോട് (ഗവ.സ്‌കൂളിന് സമീപം പുഴറോഡ്) സ്വദേശി പൊതുവാച്ചോല കളത്തിൽ അബൂബക്കർ സിദ്ധീഖ് - ഹാജറ ദമ്പത്തികളുടെ മകൻ മുഹമ്മദ് ജസീം മരണപ്പെട്ടത്. സഹോദരങ്ങൾ ജാബിർ, ജിയാദ്.

അന്നുതൊട്ട് ഇന്നോളം  ഈവിഷയത്തിൽ വിവിധ കക്ഷി രാഷ്ട്രീയ സംഘടനകൾ, ജന പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, നാട്ടുകാർ, ചൈനയിലുള്ള മലയാളി സുമനസ്സുകൾ സഹപാഠികൾ ഉൾപ്പടെ നിരവധി പേർ സഹായ ഹസ്ഥവുമായി രംഗത്തിറങ്ങിയിരുന്നു.

 ഡൽഹിയിലെ ചൈന എംബസിയിലും ചൈനയിലെ ഇൻഡ്യൻ എംബസിയിലും ബന്ധപ്പെട്ട് നിയമ നടപടികൾക്ക് നേതൃത്വം നൽകിയും ആശ്വാസ വാക്കുകൾ കൊണ്ടും, ഗൃഹ സന്ദർശനം കൊണ്ടും അകം നിറഞ്ഞ പ്രാർത്ഥനകൊണ്ടും സഹായിച്ചവർക്ക് നന്ദി പറയുകയാണ് ജസീമിന്റെ ബന്ധുക്കൾ.

ഒരു മാസം നീണ്ടുനിന്ന നിയമ നടപടികൾക്കും ഇടപെടലുകൾക്കും ശേഷമാണ് മൃതദേഹം  നാട്ടിലെത്തിക്കാൻ സാധ്യമായത്. മോർച്ചറിയിൽ സൂക്ഷിക്കപ്പെട്ട മൃതദേഹം നാട്ടിലെത്തിച്ച് മറവുചെയ്യാനുള്ള പ്രവർത്തനങ്ങളിലും പ്രാർത്ഥനയിലുമായിരുന്നു നാടൊന്നടങ്കം.

Below Post Ad