പാലക്കാട് : കുട്ടികളെ സ്കൂൾ വാഹനങ്ങളിൽ കുത്തിനിറച്ചു കൊണ്ടുപോയാൽ കർശന നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ 3000ത്തോളം സ്കൂൾ വാഹനങ്ങളുണ്ട്. ഇതിന് പുറമെ ഓട്ടോറിക്ഷകളിലും മറ്റും കുട്ടികൾ സ്ഥിരമായി സ്കൂളുകളിൽ വരുന്നുണ്ട്. സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ.
ജില്ലയിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന പ്രവണത വ്യാപകമാണ്. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആർ.ടി.ഒ അറിയിച്ചു. ഇതിനായി ഇടവിട്ടുള്ള പരിശോധനകൾ ഉണ്ടാകും.
ഫിറ്റ്നസ് ഇല്ലാത്ത വണ്ടികൾ ഓടാൻ അനുവദിക്കില്ല. 50 കിലോമീറ്റർ വേഗം നിജപ്പെടുത്തിയ സ്പീഡ് ഗവർണറുകൾ നിർബന്ധമാണ്. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റു റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമാണ് നിജപ്പെടുത്തിയ വേഗം.
വാഹന ഡ്രൈവർ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ ശിക്ഷിക്കപ്പെട്ടവരാവരുത്. ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷം ഡ്രൈവിങ് പരിചയം ആവശ്യമാണ്.
വെറ്റിലമുറുക്ക്, ലഹരിവസ്തുക്കൾ ചവക്കൽ, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങൾ ഉള്ളവരെ വണ്ടിയിൽ ജീവനക്കാരായി നിയമിക്കരുത്.
സ്കൂൾ ബസുകൾ ഫിറ്റ്നസ് പരിശോധനക്ക് കൊണ്ടുവരുമ്പോൾ പുതിയ ടയറും വേഗപ്പൂട്ടും യന്ത്രഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനക്കുശേഷം അവ നീക്കംചെയ്ത് ഓടിക്കുകയും ചെയ്യുന്ന പ്രവണതയും ജില്ലയിലുണ്ട്. അത് തടയാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കും