കെ.എസ്.ബി.എ തങ്ങൾ ; പട്ടാമ്പിയുടെ ജനകീയ നേതാവ് ഓർമ്മയായി

 


പട്ടാമ്പിയുടെ രാഷ്ട്രീയ പൊതു മണ്ഡലത്തിൽ നാല് പതിറ്റാണ്ടായി നിറഞ്ഞു നിന്ന ജനകീയ നേതാവ് കെ.എസ്.ബി.എ തങ്ങൾ (62) ഓർമ്മയായി. എറണാംകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം.

പട്ടാമ്പി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, പട്ടാമ്പി നഗരസഭ ചെയർമാൻ, പാലക്കാട് ഡി.സി.സി ജനറൽ സെക്രട്ടരി, കെ.പി.സി.സി നിർവാഹക സമിതി അംഗം, ഡി.സി.സി വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു.

രണ്ടു വർഷമായി അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന തങ്ങൾ മുമ്പ് മരണത്തിൻ്റെ വക്കിലെത്തി തിരിച്ചെത്തിയതായിരുന്നു. ഉന്മേഷവാനായി പ്രവർത്തിച്ചു വരവെയാണ് വീണ്ടും രോഗബാധിതനായതും മരണത്തിന് കീഴടങ്ങിയതും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടാണ് അന്ത്യം.

വിദ്യാർത്ഥി യൂനിയനിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ തങ്ങൾ, 1988 മുതൽ 2005 വരെ പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 1995ൽ പട്ടാമ്പി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, 2018ൽ പട്ടാമ്പി നഗരസഭ ചെയർമാൻ പദവികൾ വഹിച്ചു. പിതാവ് കെ.പി.തങ്ങളും സഹോദരൻ കെ.ഇ.തങ്ങളും പട്ടാമ്പി പഞ്ചായത്തിൻ്റെ സാരഥികളായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടെങ്കിലും അന്തിമപട്ടികയിൽ ഇടം ലഭിച്ചില്ല. 

എം.ഇ.എസ് സംസ്ഥാന എക്സി.അംഗം,  പട്ടാമ്പി എം.ഇ.എസ് ഇൻ്റർനാഷനൽ സ്കൂൾ സെക്രട്ടരി എന്നീ നിലകളിലും സജീവമായിരുന്നു. ആൾ കേരള CBSE സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സി.അംഗം, ജേസീസ് വൈസ് പ്രസിഡണ്ട് തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സി നേതാവ് എന്ന നിലയിൽ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് അംഗമായിരുന്നു. സർക്കാർ തലത്തിൽ രൂപീകരിച്ച യൂത്ത് ക്ലബിൽ കോൺഗ്രസിൻ്റെ ഏക പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിൽ മൂന്ന് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബാങ്കോക്കിൽ നടന്ന ആറാം ഇൻ്റർനാഷണൽ അച്ചീവേഴ്സ് ഉന്നതതല സമ്മേളനത്തിൽ വെച്ച് തായ്ലാൻ്റ് മുൻ ഉപപ്രധാനമന്ത്രി എച്ച്.ഇ. ഡബ്ബാറിൻസിയിൽ നിന്ന് അന്താരാഷ്ട്ര പുരസ്കാരം സ്വീകരിക്കാനും ഭാഗ്യം ലഭിച്ചിരുന്നു. 

എ.ഇ.എസ് സ്കൂളിൽ പ്രൈമറി മുതൽ ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികളും എട്ടാം തരം മുതൽ പ്ലസ്ടു വരെ കമ്പ്യൂട്ടർ ടാബ്ലറ്റുകളും പഠനത്തിന് നടപ്പാക്കിയതാണ് പുരസ്കാരത്തിന്അർഹനാക്കിയത്.

മാനവശേഷി വകുപ്പിൻ്റെ ശുചിത്വ അവാർഡും ഡൽഹി ഇൻഡിപെൻഡൻസ് സ്കൂൾ ഫൗണ്ടേഷൻ അവാർഡും, ഇന്ത്യൻ എജുക്കേഷൻ എക്സലൻസ് അവാർഡും ക്വാലാലമ്പൂർ ഹൈ ഡിസ്കവറി എജുക്കേഷൻ അവാർഡും തങ്ങളെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ : ആമിന പുല്ലാനി.മക്കൾ : അഫ്‍ഷിൻ, അഫ്‍മിന, മരുമകൻ: സയ്യിദ്നഫീസ് ജിഫ്രിൻ.സഹോദരൻമാർ: പരേതനായ കെ.ഇ തങ്ങൾ, സയ്യിദ് അബ്ദുൾ വാഹിദ് (മുത്തു തങ്ങൾ ), അബ്ദുൾ ലത്തീഫ് (ചെറുകോയ തങ്ങൾ ) സുഹറാബീവി, സയ്യിദ് ശിഹാബ് തങ്ങൾ.

കെ.എസ്.ബി.എ തങ്ങളുടെ മൃതദേഹം തിങ്കൾ രാവിലെ 6 മണി മുതൽ എം.ഇ.എസ് ഇന്റർനാഷണൽ സ്കൂളിലും 10:30 മുതൽ 11:30 വരെ പട്ടാമ്പി നഗരസഭ കാര്യാലയത്തിലും പൊതുദർശനത്തിന് വെക്കും. ഖബറടക്കം ഉച്ചക്ക് 12 ന് പട്ടാമ്പി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ  നടക്കും.

Below Post Ad