കോഴിക്കോട്: ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റി എടുത്ത ശേഷം മാപ്പ് അപേക്ഷിച്ച് എഴുതിയ അജ്ഞാതന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
കോഴിക്കോട് ബൈപ്പാസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിലെ അധ്യാപകനായ അരുൺലാലിന്റെ ബൈക്കിൽ നിന്നാണ് അജ്ഞാതനായ ആൾ പെട്രോള്‍ ഊറ്റിയെടുത്തത്.
മാപ്പ് ചോദിച്ചുള്ള കത്തിനൊപ്പം രണ്ട് അഞ്ച് രൂപ നാണയങ്ങളും ചേര്‍ത്താണ് അജ്ഞാതൻ ബൈക്കില്‍ വെച്ചത്. കുറിപ്പും അതിനൊപ്പമുണ്ടായിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം സഹിതം ഫേസ്ബുക്കിലൂടെ അരുൺലാൽ വിവരം പങ്കുവെക്കുകയായിരുന്നു.
'കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, 10 രൂപ ഇതില്‍ വച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്', അജ്ഞാതന്റെ കുറിപ്പ്
കോഴിക്കോട് ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിലാണ് കുറിപ്പ് വച്ചത്. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽനിന്ന് ഊറ്റിയെടുക്കുന്നു എന്നാണ് ബൈക്കിൽ വച്ചിട്ടു പോയ കുറപ്പിൽ പറയുന്നത്.
ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും കത്തിനൊപ്പം ബൈക്കിൽ വച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നത്. കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ എന്ന് അരുൺലാൽ കുറിച്ചു.