ചാലിശ്ശേരി : കൗതുകമുണർത്തി ചാലിശ്ശേരി കിണറിലെ അപൂർവ്വ ഉറവ.ചാലിശ്ശേരി മുക്കൂട്ട സെന്ററിലുള്ള നമ്പിശ്ശേരി അബൂബക്കറിന്റെ വീട്ടിലെ കിണറ്റിലാണ് ഈ പ്രതിഭാസം കണ്ടത്.
അതിരാവിലെ പ്രഭാത നമസ്കാരത്തിന് പള്ളിയിൽ പോകാനിറങ്ങിയ വീട്ടുകാർ ശബ്ദം കേട്ട് കിണറ്റിൽ വന്ന് നോക്കിയപ്പോഴാണ് കിണറിന്റെ നാലുവശത്തുനിന്നും വെള്ളം ഒഴുകുന്നതായി കണ്ടത്.
തുടർന്ന് വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സാഹിറ ഖാദറിനെ വിവരമറിയിക്കുകയും, വൈസ് പ്രസിഡണ്ട് വില്ലേജ് അധികൃതരെയും, വാട്ടർ അതോറിറ്റി അധികൃതരെയും വിവരം അറിയിക്കുകയുമായിരുന്നു.
വാട്ടർ അതോറിറ്റി അധികൃതർ സ്ഥലത്തെത്തി റോഡിനടിയിലുള്ള വാട്ടർ പൈപ്പ് പൊട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും, തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.