ഉണ്ണിയേട്ടന് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി


 

പടിഞ്ഞാറങ്ങാടി : തൃത്താല മണ്ഡലത്തിലെ  പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് (തലക്കശ്ശേരി) മെമ്പറായിരുന്ന വിജയസദനത്തില്‍ ജിത്ത് രാജ് എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട  ഉണ്യേട്ടന്(78) തലക്കശ്ശേരി ഗ്രാമം നിറമിഴികളോടെ വിടനല്‍കി.

 പട്ടിത്തറ സര്‍വ്വീസ്  സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റ്, സിപിഐ എം പട്ടിത്തറ  മുൻ ലോക്കൽ കമ്മിറ്റി അംഗം, കര്‍ഷക സംഘം തൃത്താല ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്‍റ്  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം നാട്ടുകാര്‍ക്ക് ഏറെ പ്രയപ്പെട്ട ഉണ്യേട്ടനായിരുന്നു.

 ജനങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ട പൊതുജീവിതമായിരുന്നു ഉണ്ണിയേട്ടന്റേത്.  പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അദ്ദേഹം സ്വീകാര്യനായിരുന്നു.ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ട ഒരു പൊതുപ്രവർത്തകനെയാണ് അദ്ദേഹത്തിന്‍റെ വിയോഗത്തോടെ  നഷ്ടമായത്. സാധാരണക്കാരുടെ ഏതാവശ്യത്തിനും കക്ഷിരാഷ്ട്രീയത്തിനതീതമായി ഓടിയെത്തുന്ന ഒരു വീടാണ് ഉണ്യേട്ടന്‍റേത്.

അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ സമൂഹത്തിന്‍െറ നാനാതുറകളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് തലക്കശ്ശേരിയിലെ വസതിയിലെത്തിയത്.ആ ജനാവലി കണ്ടാലറിയാം അദ്ദേഹം എത്രത്തോളം സ്വികാര്യനായിരുന്നുവെന്ന്. 

കോട്ടപ്പാടം എജെബി സ്കൂളിലെ റിട്ട പ്രധാനാദ്യാപിക പ്രേമലതയാണ് ഭാര്യ.ജിതേഷ്,രാജേഷ് എന്നിവര്‍ മക്കളും ബിനി, ഇന്ദിരാ ദേവി എന്നിവര്‍ മരുമക്കളുമാണ്.


✍️ ഷമീര്‍ പറക്കുളം

Tags

Below Post Ad