ഷൊർണ്ണൂർ : പച്ചപ്പ് നിറഞ്ഞുതിങ്ങിനിൽക്കുന്ന തേക്കിൻകാടുകൾക്കു നടുവിലൂടെ കൂകിപ്പായുന്ന തീവണ്ടി. ഹരിത ഇടനാഴിയായ ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിൽ മാത്രമുള്ള ഈ കാഴ്ച ഇനി ഓർമമാത്രമാവും. കാരണം, വൈദ്യുതീകരണഭാഗമായി പാളങ്ങൾക്ക് ഇരുവശത്തുമുള്ള മരങ്ങളിൽ 80 ശതമാനവും മുറിച്ചുമാറ്റുന്നു.
പദ്ധതിപ്രകാരം 5,000 മരങ്ങളാണ് പൂർണമായി മുറിക്കുകയോ വലിയ ശാഖകൾ മാത്രമായി മുറിച്ചുമാറ്റുകയോ ചെയ്യേണ്ടതെന്ന് റെയിൽവേ അധികൃതർ പറയുന്നു. തീവണ്ടിപ്പാതയിലെ പ്രകൃതിസൗന്ദര്യത്തിന് കോട്ടംതട്ടുന്നത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാണിപ്പോൾ.
ഡീസൽ തീവണ്ടി മാത്രമാണ് ഷൊർണൂർ-നിലമ്പൂർ പാതയിലൂടെ ഇപ്പോൾ സർവീസ് നടത്തുന്നത്. യാത്രാസമയം കുറയ്ക്കാമെന്നതും പാതയിൽ റെയിൽവേയ്ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം കുറയ്ക്കാമെന്നതും വൈദ്യുതീകരണം പൂർത്തിയാകുന്നതിലെ പ്രതീക്ഷകളാണ്. ഡീസൽ മാറ്റി വൈദ്യുതിയിലായാൽ 40 ശതമാനത്തോളം ഇന്ധനയിനത്തിലുള്ള ചിലവ് കുറയ്ക്കാനാകും.
സ്ഥിരം യാത്രക്കാരുള്ള പാതയിൽ മെമു ഉൾപ്പെടെ കൂടുതൽ തീവണ്ടികൾ ഓടിക്കാനും ആലോചനയുണ്ട്. ഇപ്പോൾ എഴു തീവണ്ടികളാണ് പാതയിൽ ഓടുന്നത്. ഒപ്പം മൈസൂർ-നഞ്ചങ്കോട് പാത സജീവ പരിഗണനയിലിരിക്കേ വൈദ്യുതീകരണം പൂർത്തിയാകുന്നത് പദ്ധതിക്ക് ഗുണംചെയ്യും. മരങ്ങൾ മുറിച്ച് സൗകര്യമൊരുക്കുകയല്ലാതെ റെയിൽവേക്ക് മറ്റു മാർഗങ്ങളില്ല.
മരങ്ങൾ മുറിച്ചശേഷം 930 വൈദ്യുത തൂണുകളാണ് പാതയിൽ സ്ഥാപിക്കേണ്ടത്. മരങ്ങൾ മുറിച്ചഭാഗത്ത് ഇവ സ്ഥാപിച്ചുതുടങ്ങി. ഇതിനുപുറമെ മേലാറ്റൂരിൽ സബ് സ്റ്റേഷൻ നിർമിക്കുന്നതിനായും മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്.
പൂവാകയുടെ ചുവന്നപൂക്കൾ പരവതാനിവിരിച്ച് വീണുകിടക്കുന്ന മേലാറ്റൂർ റെയിൽവേസ്റ്റേഷന്റെ ഭംഗിയും മരങ്ങൾ പോയതോടെ നഷ്ടമായി. ഈ പാതയോരത്ത് മരങ്ങൾ വച്ചുപിടിപ്പിക്കാൻ നിലവിൽ റെയിൽവേക്ക് പദ്ധതിയില്ല. വൈദ്യുതീകരണം പൂർത്തിയായ ശേഷമേ അത്തരം കാര്യങ്ങൾ ആലോചിക്കൂവെന്ന് റെയിൽവേ അധികൃതർ പറയുന്നു. 2024 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.