പഠിക്കുമ്പോൾ ആരംഭിച്ച സൗഹൃദം,മരണത്തിലും അവർ ഒന്നിച്ച്;നാടിന്റെ നൊമ്പരമായി തൃശൂരിൽ  മുങ്ങി മരിച്ച നാല് വിദ്യാർത്ഥികൾ

 




തൃശൂർ: നാടിന്റെ നൊമ്പരമായി തൃശൂർ കൈനൂർ ചിറയിൽ മുങ്ങി മരിച്ച വിദ്യാർത്ഥികൾ. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് ഡിഗ്രി വിദ്യാർഥികളായ നിവേദ് കൃഷ്ണ, സയിദ് ഹുസൈൻ, കെ. അർജുൻ, അബി ജോൺ എന്നിവർ കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.

പാറമേക്കാവ് വിദ്യാമന്ദിറിൽ ചെറിയ ക്ലാസിൽ തുടങ്ങിയ ചങ്ങാത്തമാണ നാലുപേരുടെയും. ഈ കൂട്ട് ഒരിക്കലും പിരിയാതിരിക്കാൻ ഈ നാൽവർസംഘം ശ്രമിച്ചു. ഒടുവിൽ കൂട്ടുപേക്ഷിക്കാതെത്തന്നെ ഒന്നിച്ച് മടക്കവും. ഹൈസ്‌കൂൾ പഠനം കഴിഞ്ഞ് പ്ലസ്ടുവിലെത്തിയപ്പോൾ നാലുപേരും കൊമേഴ്‌സ് തിരഞ്ഞെടുത്തു. ബിരുദത്തിന് ബി.ബി.എ.യും. പക്ഷേ, തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിൽ മൂന്നുപേർക്കേ പ്രവേശനം ലഭിച്ചുള്ളൂ. അർജുനുമാത്രം സെയ്ന്റ് അലോഷ്യസിൽ ചേരേണ്ടിവന്നു. അർജുൻ രണ്ടുദിവസംമുൻപും സ്‌കൂളിലെത്തിയിരുന്നു. ട്രിപ്പിൾ ജമ്പിൽ സംസ്ഥാന ചാമ്പ്യനാണ് അർജുൻ. ദേശീയ മീറ്റിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതുകൊണ്ടാണ് സെയ്ന്റ് തോമസിൽ പ്രവേശനം നേടാൻ കഴിയാതിരുന്നത്.

രണ്ടും മൂന്നും വർഷക്കാർക്ക് പരീക്ഷയായതിനാൽ തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിൽ തിങ്കളാഴ്ച ഒന്നരയോടെ ഒന്നാംവർഷക്കാരുെട ക്ലാസുകൾ കഴിഞ്ഞിരുന്നു. തുടർന്ന് ഇവിടത്തെ വിദ്യാർഥികളായ മൂന്നുപേർ അർജുനെയും കൂട്ടി കൈനൂരിലേക്ക് പോയതാണെന്ന് കരുതുന്നു. അപകടവിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ വിളിക്കുമ്പോഴാണ് കോളേജധികൃതർ വിവരമറിയുന്നത്. പിന്നാലെ കുട്ടികളുടെ തിരിച്ചറിയൽ കാർഡുമായി പോലീസുമെത്തി. ഊരിവെച്ചിരുന്ന വസ്ത്രങ്ങൾക്കൊപ്പമുള്ള കോളേജ് ഐ.ഡി. കാർഡുകളാണ് തിരിച്ചറിയാൻ സഹായിച്ചത്.

ഞായറാഴ്ച നടന്ന കൊട്ടേക്കാട് പള്ളി പെരുന്നാൾ ഒന്നിച്ച് ആഘോഷിച്ച് മണിക്കൂറുകൾക്കകം മകൻ അബിയുടെ മരണവാർത്ത കേട്ടപ്പോൾ പിതാവായ കുറ്റൂർ ചാമക്കാട് ഹെവൻലി വില്ല വിളങ്ങാടൻ വീട്ടിൽ ജോണിന് വിശ്വസിക്കാനായില്ല. സുഹോദരൻ ആദിൽ സൗദിയിലേക്ക് പോയതിന് പിറ്റേന്നാണ് സയ്യിദ് ഹുസൈന്റെ മരണം.

അപകടസമയത്ത് സ്ഥലത്ത് മൂന്ന് പെൺകുട്ടികൾ ഉണ്ടായിരുന്നു. ആൺകുട്ടികൾ കുളിക്കാൻ ഇറങ്ങുകയാണെന്ന് കണ്ടതോടെ ഇവർ പുഴക്കരയിൽനിന്ന് തിരിച്ചുപോകാനായി പാലത്തിലേക്ക് കയറി. പാലത്തിൽ എത്തുമ്പോൾ ഒരാൾ കുളിക്കാൻ ഇറങ്ങിയതായും മറ്റു മൂന്നുപേരും പാറക്കെട്ടിൽ ഇരിക്കുന്നതായും കണ്ടു. പാലത്തിൽ നിന്ന് അൽപസമയം കഴിഞ്ഞ് വീണ്ടും തിരിഞ്ഞുനോക്കുമ്പോൾ കുളക്കടവിൽ നാലുപേരെയും കാണാനില്ല. പാറക്കെട്ടിൽ വസ്ത്രങ്ങളും മൊബൈൽ ഫോണുകളും ഇരിക്കുന്നത് കണ്ടതോടെ ആശങ്കയായി. ഓടി താഴെ എത്തിയപ്പോഴാണ് നാലുപേരും ഒഴുക്കിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്. ഉടനെ കോളേജിലെ സഹപാഠിയെ വിളിച്ച് വിവരം അറിയിച്ചു. സഹപാഠിയാണ് പോലീസ് സ്‌റ്റേഷനിലും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചത്.

Below Post Ad