ദമ്പതിമാരുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു ; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് നിഗമനം

 


കുലുക്കല്ലൂർ പഞ്ചായത്തിലെ മുളയങ്കാവിലെ വാടക വീട്ടിൽ ഞായറാഴ്ച വൈകുന്നേരമാണ് ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുളയങ്കാവ് താഴത്തെപുരയ്ക്കൽ ഷാജിയും (46) ഭാര്യ സുചിത്രയുമാണ് (37) ദുരൂഹ നിലയിൽ മരിച്ചത്.

 മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുടമ എത്തി ജനൽ വഴി പരിശോധിച്ചപ്പോഴാണ് സുചിത്രയെ തറയിലും ഷാജിയെ തൂങ്ങിയ നിലയിലും കണ്ടെത്തിയത്.

ഏതാനും ദിവസങ്ങളായി ഷാജിയെ പുറത്തുകണ്ടിരുന്നില്ല. വീട് അടച്ചിട്ട നിലയിലായിരുന്നു.ജഡം കാണപ്പെട്ട വിവരം വീട്ടുടമ  കൊപ്പം പോലീസിൽ അറിയിച്ചു. 

കൊപ്പം എസ്.ഐ. എം.ബി രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹത്തിനു സമീപം രക്തക്കറയും കത്തിയും കണ്ടെത്തിയത്. തിങ്കളാഴ്ച പാലക്കാട് പോലീസ് സൂപ്രണ്ട് ആർ.ആനന്ദിൻ്റെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘവും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു.

സുചിത്രയുടെ ശരീരത്തിൽ കത്തികൊണ്ട് കുത്തിയ 13 മുറിവുകൾ കണ്ടെത്തി. ജഡത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതേ സമയം ഷാജിയുടെ ജഡത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തി. സുചിത്രയെ കൊലപ്പെടുത്തിയ ശേഷം ഷാജി ജീവനൊടുക്കിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

മരിച്ച ഷാജിയുടെയും സുചിത്രയുടെയും അഞ്ചാംക്ലാസിൽ പഠിക്കുന്ന മകൻ അർജുൻ കഴിഞ്ഞ കുറച്ചുദിവസമായി ഷാജിയുടെ അമ്മ ശകുന്തളയുടെ കൂടെയാണ് താമസം. ഇവർ താമസിക്കുന്ന വാടകവീടിന് സമീപത്തുതന്നെയാണ് അമ്മയുടെയും താമസം. അഞ്ചുവർഷമായി ഷാജിയും ഭാര്യയും മകനും വാടകവീട്ടിലാണ് താമസം. കുടുംബ പ്രശ്നങ്ങളാണ് ഇരട്ട മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Tags

Below Post Ad