കണ്ടു പഠിക്കൂ പടിഞ്ഞാറങ്ങാടിക്കാരെ;മന്ത്രി എം.ബി രാജേഷ്

 




കണ്ടു പഠിക്കൂ പടിഞ്ഞാറങ്ങാടിക്കാരെ. എങ്ങനെ ക്ലീൻ ആവാമെന്ന് അവർ പറഞ്ഞു തരും. പടിഞ്ഞാറങ്ങാടി ഇനി മുതൽ ക്ലീൻ അങ്ങാടിയാണ്. നമ്മൾ എല്ലാവരും കൂടിയങ്ങിറങ്ങിയാൽ നാടു നന്നാവുമെന്ന പാഠമാണ് അവർ നൽകുന്നത്. ജനകീയമായ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനത്തിന് പുത്തൻ മാതൃക സമ്മാനിച്ച്‌ ക്ലീൻ അങ്ങാടി ക്യാമ്പയിൻ ഏറ്റെടുത്ത തൃത്താല പടിഞ്ഞാറങ്ങാടിയിലെ ഓരോരുത്തരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുകയാണ്‌. 


ജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പടിഞ്ഞാറങ്ങാടിയിലെ ആബാലവൃദ്ധം ജനങ്ങളും മുന്നിട്ടിറങ്ങിയപ്പോൾ വൃത്തിയായത് ഒരു ചെറു പട്ടണമാണ്. മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ സംസ്ഥാന സർക്കാർ തുടങ്ങി വച്ച പ്രത്യേക ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ പ്രവൃത്തി പടിഞ്ഞാറങ്ങാടിക്കാർ ഏറ്റെടുത്തത്. 

എല്ലാവരും കക്ഷി രാഷ്ട്രീയ വ്യത്യാസം മറന്ന് തങ്ങളുടെ ചുറ്റുപാട്‌ വൃത്തിയാക്കാൻ ഒന്നിച്ചിറങ്ങിയപ്പോൾ ഈ പട്ടണം വൃത്തിയായി. വൃത്തിയാക്കലിനു മുന്നോടിയായി  നാട്ടുകാരെയും പൗര പ്രമുഖരെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും അണിനിരത്തി നടത്തിയ ഗംഭീരവിളംബര ജാഥയിൽ ഞാനും പങ്കാളിയായിരുന്നു. രാവിലെ 6 മണി മുതൽ തന്നെ ഒരു നാടാകെ പടിഞ്ഞാറങ്ങാടി സെന്ററിലേക്ക് എത്തുകയും പരിസരം മൊത്തം വൃത്തിയാക്കുകയും ചെയ്തു.

മാലിന്യം ശേഖരിക്കുന്നതിനും ഇനിയങ്ങോട്ട് തെരുവിലേക്ക് വേസ്റ്റുകൾ വലിച്ചെറിയപ്പെടാതിരിക്കാനും വേസ്റ്റ് ബിന്നുകൾ നൽകിയ പടിഞ്ഞാറങ്ങാടിയിലെ  ഡി വൈ എഫ്‌ ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രത്യേകമായ അഭിനന്ദനം അർഹിക്കുന്നു. ഏറെ മാതൃകപരമായ ഈ പ്രവർത്തനം മറ്റു സംഘടനകളും  എല്ലായിടങ്ങളിലും ഏറ്റെടുക്കണം. 

ഈ മാതൃക പ്രവർത്തനത്തിന് നേതൃത്വം നൽകിയ  പട്ടാമ്പി താലൂക്ക് തഹസീൽദാറും ജ്ഞാനോദയം ഗ്രന്ഥശാലയുടെ പ്രവർത്തകനുമായ ശ്രീ. കിഷോർ, പട്ടിത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ബാലൻ, എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കൾ, പ്രവർത്തകർ, വ്യാപാരി സുഹൃത്തുക്കൾ എല്ലാവരെയും ഹൃദയാഭിവാദ്യം ചെയ്യുന്നു. എം എൽ എ എന്ന നിലയിൽ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന സുസ്ഥിര തൃത്താലയുടെ ഭാഗമായ മാലിന്യ മുക്ത തൃത്താല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ ജനകീയ ഇടപെടൽ നൽകിയ ഊർജ്ജം വിലമതിക്കാനാവാത്തതാണ്. എല്ലാവരെയും സ്നേഹവും നന്ദിയും അറിയിക്കുന്നു. പടിഞ്ഞാറങ്ങാടി കേരളത്തിനാകെ മാതൃകയാണ്‌. നമുക്ക്‌ നമ്മുടെ പ്രദേശത്തെ കൂടുതൽ വൃത്തിയുള്ളതും മനോഹരവുമാക്കാം.

എം.ബി.രാജേഷ്

Below Post Ad