ഒറ്റപ്പാലം | മത ഭൗതിക സമന്വയ വിദ്യാഭ്യാസരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഒറ്റപ്പാലം മർക്കസുൽ ഇശാഅതിൽ ഇസ്ലാമിയ്യയുടെ മുപ്പതാം വാർഷിക സമ്മേളനം നവംബർ 3 മുതൽ 5 വരെ ഒറ്റപ്പാലം മർക്കസ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ മഹിത പാരമ്പര്യം മൂന്ന് പതിറ്റാണ്ട് കാലം സമൂഹത്തിന് പകർന്ന് നൽകി മയിലും പുറത്തിന്റെ മണ്ണിൽ നിലകൊള്ളുന്ന മർകസിന് കീഴിൽ ഹിഫ്ളുൽ ഖുർആൻ കോളേജ്, ദഅവാ കോളേജ്, ഇസ്ലാമിക് സെൻട്രൽ സ്കൂൾ, ഓറിയന്റൽ കോളേജ്, ഹാദിയ വിമൻസ് കോളേജ്, സാന്ത്വന കേന്ദ്രം തുടങ്ങി 12 സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു. 1993 ഇൽ വെറും 10 വിദ്യാർത്ഥികളുമായി തുടങ്ങിയ മർക്കസിൽ ഇന്ന് വിവിധ സ്ഥാപനങ്ങളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠനം നടത്തി വരുന്നു.
മൂന്ന് പതിറ്റാണ്ടിന്റെ ധാർമിക ധാർമിക മുന്നേറ്റം എന്ന പ്രമേയവുമായി ഒരു വർഷം നീണ്ടുനിന്ന വൈവിധ്യമാർന്ന പദ്ധതികളായ ചങ്ങാത്തം, കന്നികൊയ്ത്ത്, മെഡിക്കൽ ക്യാമ്പ്, ളിയാഫ, സുഹ്ബ തുടങ്ങി ജനോപകാരപ്രദവും ഫലപ്രദവുമായ 30 ഇന കർമ്മപദ്ധതികൾ പൂർത്തീകരിച്ചുകൊണ്ടാണ് 2023 നവംബർ 3,4 & 5 തിയ്യതികളിലായി മർകസിന്റെ മുപ്പത്താം വാർഷിക സമ്മേളനം നടക്കുന്നത്.
നവംബർ 3, 4 തീയതികളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം, ആത്മീയ സമ്മേളനം, ഫലസ്തീൻ ഐക്യ ദാർഢ്യ സമ്മേളനം, സ്ഥാന വസ്ത്ര വിതരണം എന്നിവയെ തുടർന്ന് 5-ാം തീയതി വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തോടെ മുപ്പതാം വാർഷിക സമ്മേളനത്തിന് സമാപനം കുറിക്കും. സ്ഥാപനത്തിലെ ദഅവാ കോളജിൽ നിന്ന് പുറത്തിറങ്ങിയ 107 പണ്ഡിതർക്കും 60 ഹാഫിളുകൾക്കും സനദ് നൽകുന്നു.
വാർത്താ സമ്മേളനത്തിൽ മർക്കസ് ഭാരവാഹികളായ എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എൻ കെ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ, അബ്ദുറഷീദ് അഷ്റഫി ഒറ്റപ്പാലം,ഡോ. നാസർ വരോട് ഉമർ ഓങ്ങല്ലൂർ, റിനീഷ് ഒറ്റപ്പാലം സംബന്ധിച്ചു.