തൃത്താലയിലെ ഇരട്ട കൊലപാതകത്തില്‍ കുറ്റപത്രം തയാറാക്കാന്‍ ഒരുങ്ങി പൊലീസ്. കരിമ്പനക്കടവിൽ സുഹൃത്തുക്കളെ കുത്തി ക്കൊലപ്പെടുത്തിയ മുസ്തഫ ആണ് പ്രതി. യുവതിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ഭാരതപ്പുഴയോട് ചേര്‍ന്ന കരമ്പനക്കടവ് പുഴയോരത്താണ് അരുംകൊല അരങ്ങേറിയത്. സുഹൃത്തുകളായ അൻസാറിനേയും കബീറിനേയും കൂട്ടി കരിമ്പനക്കടവ് പുഴയോരത്ത് എത്തിയതായിരുന്നു അന്ന് പ്രതി മുസ്തഫ.
പിന്നീട് കുത്തേറ്റ് അൻസാർ റോഡിനരികിലെത്തി. ബൈക്കില്‍ ആശുപത്രിയിലെത്തിയ അൻസാർ മരിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കബീറിന്‍റെ മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
പുഴയോരത്ത് ഇവരൊടോപ്പം എത്തിയ മുസത്ഫ ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തൃശൂരിലേക്ക് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.
ചോദ്യം ചെയ്യലിൽ ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതിച്ചു. മൂന്നുപേര്‍ക്കും അറിയാവുന്ന ഒരു യുവതിയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം എന്ന് കണ്ടെത്തി.
തെളിവുകളെല്ലാം ശേഖരിച്ചതോടെ കുറ്റപത്രം തയാറാക്കാനുളള ഒരുക്കത്തിലാണ് പൊലീസ്. പ്രതി മുസ്തഫ റിമാന്‍ഡിലാണ്.