എടപ്പാൾ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാത അപകടപാതയായി മാറുകയാണ്. നവംബറിൽ മാത്രം 10 വാഹനാപകടത്തിൽ 34 പേർക്ക് പരിക്കേറ്റു. രണ്ട് ജീവനുകളാണ് പൊലിഞ്ഞത്.
ഈ അപകടങ്ങൾ സംസ്ഥാനപാതയിൽ എടപ്പാൾ നടുവട്ടത്തിനും മലപ്പുറം ജില്ല അതിർത്തിയായ കോലിക്കരക്കും ഇടയിലെ ആറ് കിലോമിറ്റർ ദൂരപരിധിക്കുള്ളിലാണ്.
ആറ് മാസത്തിനിടെ സംസ്ഥാന പാതയിൽ കുറ്റിപ്പുറത്തിനും-ചങ്ങരംകുളത്തിനിടയിൽ 50ഓളം വാഹനാപകടത്തിൽ നാല് പേരാണ് മരിച്ചത്. എടപ്പാളിനും-കുറ്റിപ്പുറത്തിനിടയിലും അപകടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും നവംബറിൽ താരതമ്യേന കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നവംബർ 28ന് മൂന്ന് അപകടങ്ങളാണ് നാല് കിലോമീറ്റർ ദൂരപരിധിയിൽ സംഭവിച്ചത്. അമിതവേഗതയിൽ വാഹനങ്ങൾ ചിറിപ്പായുന്നതാണ് മിക്ക അപകടത്തിനും കാരണം. സംസ്ഥാനപാതയിൽ കാലടിത്തറയിലും കാവിൽപ്പടിയിലും എ.ഐ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനാപകടങ്ങൾക്ക് കുറവൊന്നുമില്ല. സംസ്ഥാനപാതയിൽ പലയിടത്തും സുരക്ഷ മുന്നറിയിപ്പ് ബോർഡുകളും ഇല്ല . അപകടങ്ങൾ നിത്യ സംഭവമായിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
നവംബർ ഒന്നുമുതൽ ഡിസംബർ ആറുവരെ നടന്ന അപകടങ്ങൾ
• 2023 ഡിസംബർ ആറ്: കാളാച്ചാലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്.
• നവംബർ 28: കാലടിത്തറയിൽ ബസും കാറും ഇടിച്ച് ഏട്ടുപേർക്ക് പരിക്ക്.
• നവംബർ 28: കാളച്ചാലിൽ നിയന്ത്രണംവിട്ട ഡ്രൈവിങ് സ്കൂൾ കാർ പാടത്തേക്ക് മറിഞ്ഞു.
• നവംബർ 28: ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് രണ്ട് ഓട്ടോറിക്ഷകളും ലോറിയും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
• നവംബർ 25: ചങ്ങരംകുളത്ത് റോഡ് മുറിച്ച് കടന്ന യുവതിയെ ഇടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി അടക്കം രണ്ടുപേര്ക്ക് പരിക്ക്.
• നവംബർ 21: സംസ്ഥാനപാതയിൽ പൊലീസ് സ്റ്റേഷന് മുൻവശം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
• നവംബർ 19: സംസ്ഥാനപാതയിൽ പന്താവൂരിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടിയിൽ ഇടിച്ച് അപകടം, രണ്ട് പേർക്ക് ഗുരുതര പരിക്ക്.
• നവംബർ 12: ചങ്ങരംകുളം തൃശൂർ റോഡിൽ ബാറിനു മുൻവശത്ത് ബൈക്കും സ്കുട്ടിയും കുട്ടിയിടിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്ക്
• നവംബർ 12: ചങ്ങരംകുളത്ത് ബാറിനുസമീപം ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കൊണ്ടുപോകുന്ന ആംബുലൻസ് സംസ്ഥാന പാതയിൽ കോലിക്കരയിൽവെച്ച് അപകടത്തിൽപെട്ടു. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
• നവംബർ നാല്: കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക് പറ്റി.
നവംബർ ഒന്ന്: ചങ്ങരംകുളം പന്താവൂരിൽ നിയന്ത്രണം വിട്ട കാർ സർവേ കല്ലിലും ബൈക്കുകളിലും ബസിലും ഇടിച്ച് മറിഞ്ഞു. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്