ലൈസൻസുള്ള എൻജിൻ ഡ്രൈവറില്ല; പൊന്നാനി അഴിമുഖം യാത്രാബോട്ടിന് പൂട്ടിട്ട് അധികൃതർ.

 


പൊന്നാനി: ലൈസൻസുള്ള എൻജിൻ ഡ്രൈവറില്ല, ലസ്കറില്ല. പൊന്നാനി നഗരസഭയുടെ അഴിമുഖം യാത്രാ ബോട്ടിനും തുറമുഖ വകുപ്പിന്റെ പൂട്ട്. സമാനമായ കുറ്റത്തിന് തുറമുഖ വകുപ്പ് നേരത്തെ സർവീസ് നിർത്തിച്ചതായിരുന്നു. 

പിന്നീട് ആഴ്ചകൾക്ക് മുൻപാണ് സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകിയത്. സർവീസ് അനുമതി ലഭിച്ചയുടൻ തന്നെ ചട്ടം മറികടന്നാണ് ബോട്ട് ഓടുന്നതെന്നാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.  ഇന്നലെ വൈകിട്ട് നടന്ന മിന്നൽ പരിശോധനയിലാണ് ചട്ടങ്ങൾ മറികടന്ന് യാത്രാബോട്ട് സർവീസ് നടത്തുന്നത് കയ്യോടെ പിടികൂടിയത്. 

പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുമായി സർവീസ് നടത്തുന്ന നഗരസഭയുടെ യാത്രാ ബോട്ടിൽ ലൈസൻസുള്ള എൻജിൻ ഡ്രൈവറില്ലെന്നും ലസ്കറില്ലെന്നും തുറമുഖ വകുപ്പിന് വിവരം ലഭിച്ചിരുന്നു.

ഉടൻ തന്നെ കോഴിക്കോട് പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഹരി അച്യുത വാരിയർ അടിയന്തര പരിശോധനയ്ക്ക് നിർദേശം നൽകുകയായിരുന്നു. വൈകിട്ടുള്ള സർവീസിനിടയിൽ തന്നെ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ബോട്ടിലെത്തി പരിശോധന നടത്തി. 

ലക്ഷങ്ങൾ ചെലവഴിച്ചാണ് നഗരസഭ പൊന്നാനിയിലും പടിഞ്ഞാറേക്കരയിലും ജെട്ടി നിർമിച്ചിരുന്നത്. ചട്ടങ്ങൾ മറികടന്നുള്ള സർവീസ് കാരണം രണ്ടാം തവണയാണ് സർവീസ് നിർത്തിവയ്ക്കേണ്ടി വന്നിരിക്കുന്നത്. പൊന്നാനി–പടിഞ്ഞാറേക്കര റൂട്ടിലെ പതിവ് യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ്. 

ഇന്ന് മുതൽ മറുകര കടക്കാൻ യാത്രക്കാർക്ക് മറ്റു വഴികളില്ല. പഴയ പോലെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി വിദ്യാർഥികളടക്കമുള്ളവർ ഇനിയും യാത്ര ചെയ്യേണ്ടി വരും ഏറെ മുറിവിളികൾക്കൊടുവിലാണ് നഗരസഭ ഇടപെട്ട് സർവീസ് പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നത്. 


Tags

Below Post Ad