തൃത്താല : പാലത്തറ ഗേറ്റ്-അഞ്ചു മൂല റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മാസ്ക് വിതരണവുമായി ജനകീയ സമിതി.
പാലത്തറ ഗേറ്റ് മുതൽ അഞ്ചുമൂല വരെയുള്ള രണ്ടര കിലോമീറ്റർ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. റോട്ടിലെ പടുകൂറ്റൻ കുഴികളും രൂക്ഷമായ പൊടി ശല്യവും കാരണം നൂറുകണക്കിന് യാത്രക്കാരാണ് ദിനേന ദുരിതമനുഭവിക്കുന്നത്.
പ്രദേശത്തെ റോഡിന് ഇരുവശവും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും വ്യാപാരികളും കാൽനട യാത്രികരും ഉൾപ്പെടെ ഈ ദുരിതം സഹിക്കാൻ കഴിയാതെ ശക്തമായ ജനകീയ സമര പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള സമീപവാസികൾ റോഡിലെ പൊടിശല്യം മൂലം രോഗികളായി മാറിയിട്ടുണ്ട്. റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് അപകടം മരണം വരെ സംഭവിച്ചിട്ടുണ്ട്. റോഡ് തകർച്ചക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധ പ്രകടനവും ജനകീയ ഒപ്പുശേഖരണവും കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിവേദന സമർപ്പണവും ഇതിനകം പൂർത്തിയായിട്ടുണ്ട്.
അധികൃതരുടെ അനാസ്ഥ തുടരുകയാണെങ്കിൽ തുടർ ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ജനകീയ സമിതിയുടെ തീരുമാനം. പാലത്തറ ഗേറ്റ് സെന്ററിൽ നടന്ന പ്രതിഷേധ സൂചക മാസ്ക് വിതരണത്തിന് ജനകീയ സമിതി ചെയർമാൻ ഇ എം ഖാലിദ്, കൺവീനർ അബ്ദുൽ അസീസ്, അഡ്വൈസർ കോയാനി മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മൂസക്കുട്ടി, മണി, കുഞ്ഞിമാൻ,ഇഖ്ബാൽ,ഹരി,ഇ എം ബഷീർ, പി ബഷീർ, കെ വി മുത്തു, മുസ്തഫ കെ വി തുടങ്ങിയവർ നേതൃത്വം നൽകി.