പൊന്നാനി: വർഷങ്ങളായി നവീകരണ പ്രവൃത്തികൾ മുടങ്ങി യാത്രക്കാർ മഴയും വെയിലുംകൊണ്ട് ബസ് കാത്തുനിന്നിരുന്ന പൊന്നാനി ബസ് സ്റ്റാൻഡിന് ശാപമോക്ഷമാകുന്നു. പി. നന്ദകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും ഒരുകോടി രൂപ ചെലവിലാണ് നവീകരണം നടക്കുക. നിർമാണോദ്ഘാടനം വെള്ളിയാഴ്ച പി. നന്ദകുമാർ എം.എൽ.എ നിർവഹിക്കും.
ഒരേസമയം ഒമ്പത് വാഹനങ്ങൾ പ്രവേശിക്കാവുന്ന തരത്തിലാണ് ഡിസൈൻ തയാറാക്കിയിരിക്കുന്നത്. സ്റ്റാൻഡിന്റെ വടക്ക് ഭാഗത്ത് ശൗചാലയം, കാത്തിരിപ്പ് കേന്ദ്രം, ലഘു ഭക്ഷണശാല എന്നിവ നിർമിക്കും. പൊന്നാനി നഗരസഭ ബസ് സ്റ്റാൻഡ് വികസനത്തിനായി മുൻ എം.എൽ.എ പി. ശ്രീരാമകൃഷ്ണൻ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
കഴിഞ്ഞ നഗരസഭ ഭരണസമിതി 30 ലക്ഷം രൂപയും ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് തികയാതെ വന്നതോടെ കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. തുടർന്ന് ഈ ഫണ്ട് ലാപ്സായതോടെയാണ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ അനുവദിച്ചത്.
ആദ്യപടിയെന്നോണം സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റിയിരുന്നു. തുടർപ്രവർത്തനങ്ങൾ ബസ് സ്റ്റാൻഡിന്റെ മേൽക്കൂര നിർമാണത്തിലെ അനിശ്ചിതത്വത്തെത്തുടർന്ന് നിലക്കുകയും ചെയ്തു.