പട്ടാമ്പി : സംസ്ഥാന പരിസ്ഥിതി ബജറ്റിന്റെ കവർ ചിത്ര പെയിന്റിങ് തയാറാക്കാനായതിന്റെ സന്തോഷത്തിലാണ് പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാധ്യാപിക രമ്യ സന്ദീപ്.
59 പേജാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച
പരിസ്ഥിതി ബജറ്റ് രേഖ. ബജറ്റ് കവർ ചിത്രം തയാറാക്കാൻ കലാകാരന്മാർക്ക് അവസരമുണ്ടെന്ന് സുഹൃത്തുക്കളിൽ നിന്ന് അറിഞ്ഞാണ് രമ്യ ധനകാര്യ വകുപ്പിനു ബയോ ഡേറ്റ അയച്ചത്.
പെയിന്റിങ് തയാറാക്കാൻ ധനവകുപ്പിൽനിന്ന് ആവശ്യപ്പെടുകയായിരുന്നെന്നു രമ്യ പറഞ്ഞു. സംസ്ഥാനത്ത് ഐടി ടെക്നോളജിയുടെ മുന്നേറ്റം നടക്കുമ്പോഴും പ്രകൃതി സംരക്ഷിച്ചുകൊണ്ടുള്ള മുന്നേറ്റത്തിന് മുൻഗണന നൽകേണ്ടതുണ്ടെന്നും ഈ വിഷയം ഉൾക്കൊള്ളുന്നതായിരിക്കണം പരിസ്ഥിതി ബജറ്റിന്റെ കവർ ചിത്രമെന്നും ധനകാര്യ വകുപ്പ് അറിയിക്കുകയും അതു പ്രകാരം തയാറാക്കിയ പെയിന്റിങ് ധനകാര്യ വകുപ്പ് അംഗീകരിക്കുകയുമായിരുന്നു.
തിരുവനന്തപുരം കിളിമാനൂർ സ്വദേശി രമ്യ സന്ദീപ് രണ്ടു വർഷമായി പട്ടാമ്പി ഗവ. ഹൈസ്കൂൾ ചിത്രകലാധ്യാപികയാണ്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് 2011ൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ബിരുദം നേടിയ രമ്യ കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികൾക്കു കീഴിലും ചിത്രകല ഗെസ്റ്റ് ലക്ചറർ ആയി ജോലി ചെയ്തിട്ടുണ്ട്.
രണ്ടു വർഷം മുൻപാണ് പട്ടാമ്പി ഗവ. ഹൈസ്കൂളിൽ ചിത്രകലാധ്യാപികയായി സ്ഥിരനിയമനം ലഭിച്ചത്.