കൈകൾ കൊണ്ട് വിസ്മയ പ്രകടനം: പൂക്കരത്തറ സ്വദേശിക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം

 


പൊന്നാനി:ചെറുപ്പത്തിലെ അസാധാരണമായ കൈവഴക്കം നേട്ടമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് പൂക്കരത്തറ സ്വദേശിയായ പതിനാറു വയസ്സുകാരൻ സനദ്. 

രണ്ടു കൈകളും പിന്നിലേക്ക് കൂട്ടിപ്പിടിച്ചു പിന്നിൽ നിന്നും തലക്ക് മുകളിലൂടെ മുന്നിലേക്കും അതേ അവസ്ഥയിൽ പിന്നിലേക്കും കറക്കിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

 ഒരു മിനിറ്റിനുള്ളിൽ 58 തവണ തുടർച്ചയായി അസാമാന്യ വേഗത്തിൽ ചലിപ്പിച്ചു കൊണ്ടാണ് സമീപകാല റെക്കോർഡുകളെ മറികടന്ന് ഇപ്പോൾ ഈ റെക്കോർഡ് മലപ്പുറം - എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി കൂടിയായ സനദ് സ്വന്തമാക്കിയത്. 

ഇനിയും മികച്ച പ്രകടനം നടത്തി ഏഷ്യൻ റെക്കോർഡ് കൂടി സ്വന്തമാക്കാനുള്ള കഠിന പരിശ്രമത്തിലാണിപ്പോൾ സനദ്.അഭിനന്ദന പ്രവാഹവുമായി അധ്യാപകരും നാട്ടുകാരും അടക്കം നിരവധി ആളുകളാണ് സനദിന്റെ വീട്ടിലേക്ക് എത്തുന്നത്. 

ചെറുപ്പത്തിലെ ഇത്തരം കൗതുകകരമായ കഴിവുകൾ കൈകാലുകൾകൊണ്ടും മറ്റും പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽ പെടുകയും ഭാവിയിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമോ എന്ന് ഭയന്നു ശാസിക്കാറുണ്ടായിരുന്നെന്നും മാതാവ് പറഞ്ഞു.

 ഇപ്പോൾ അതേ കാരണം തന്നെ നേട്ടമായി മാറുകയും,ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് മകന്റെ അസാധാരണമായ കഴിവിനെ അംഗീകരിക്കുകയും കൂടി ചെയ്തപ്പോൾ മകന്റെ അഭിമാന നേട്ടത്തിൽ സന്തോഷിക്കുകയാണ് മാതാപിതാക്കൾ. 

ദയ പാലിയേറ്റീവ് ജനറൽ സെക്രട്ടറി പൂക്കരത്തറ വെളുത്തേടത്ത് പറമ്പിൽ സൈദ്മുഹമ്മദ് - സുബൈദ ദമ്പതികളുടെ മകനാണ് സനദ്.  സാബിത്, സിലീയ നസ്റീൻ എന്നിവർ സഹോദരങ്ങളാണ്.

Tags

Below Post Ad