കുന്നംകുളത്ത്‌ മദ്യലഹരിയിൽ സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം; യുവാവ് മർദനമേറ്റ് മരിച്ചു.മൂന്ന് പേർ അറസ്റ്റിൽ

 


തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ യുവാവ് സുഹൃത്തുക്കളുടെ മർദനമേറ്റ് മരിച്ചു. അഞ്ഞൂർ സ്വദേശി വിഷ്ണു(29) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ വിഷ്ണു തലയിടിച്ച് വീഴുകയായിരുന്നു. കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സുഹൃത്തുക്കളായ മൂന്നുപേര്‍ ബൈക്കിലിരുത്തിയാണ് വിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ബൈക്കില്‍നിന്ന് വീണ് അപകടം സംഭവിച്ചെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.എന്നാല്‍, ഡോക്ടറെത്തി പരിശോധിച്ചപ്പോള്‍ വിഷ്ണു മരിച്ചനിലയിലായിരുന്നു. 

സംഭവത്തില്‍ ദുരൂഹത തോന്നിയതിനാല്‍ സുഹൃത്തുക്കളോട് കൂടുതല്‍വിവരങ്ങള്‍ തിരക്കിയപ്പോള്‍ ഇവര്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആശുപത്രിയിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി
മൂവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Below Post Ad