മികച്ച സേവനത്തിലൂടെ ജനമനസ്സിൽ ഇടം നേടിയ ഗ്രാമീണ തപാൽ ജീവനക്കാരൻ ഇന്ന് (11.06.24) പടിയിറങ്ങുന്നു.ഇന്ത്യൻ തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക്സേവക് (GDS) തസ്തികയിൽ 42 വർഷത്തെ സേവനം പൂർത്തിയാക്കിയ കഥാകാരൻ ടി.വി.എം അലി ഇന്ന് അഞ്ചൽ പടവുകളിറങ്ങി കഥകളുടെ കേദാരത്തിലേക്ക് മടങ്ങും.
1982 ജൂണിൽ ഞാങ്ങാട്ടിരി തപാൽ ഓഫീസിൽ ഇ.ഡി ഡെലിവറി ഏജൻ്റ് ആയി ജോലിയിൽ പ്രവേശിച്ച അലി 12 വർഷം മികച്ച സേവനം നൽകി സ്വന്തം നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയിരുന്നു. എന്നാൽ അമിതമായ ജോലിഭാരം മൂലം കാൽ മുട്ടുകൾ രണ്ടും തേഞ്ഞതിനെ തുടർന്ന് നടക്കാൻ കഴിയാത്ത സാഹചര്യം നേരിടേണ്ടി വന്നു.
ജോലി രാജിവെക്കാൻ സന്നദ്ധനായ ഘട്ടത്തിൽ, ഡിവിഷൻ അധികാരികൾ കാരുണ്യത്തോടെ ഇടപെടുകയും ഓഫീസിനുള്ളിൽ തന്നെ പേക്കർ തസ്തിക നൽകി നിലനിർത്തുകയുമായിരുന്നു. അങ്ങനെ 30 വർഷം മേലെ പട്ടാമ്പി സബ് പോസ്റ്റ് ഓഫീസിൽ ഡാക് സേവക് ആയി സഹപ്രവർത്തകരുടേയും ഇടപാടുകാരുടേയും മേലുദ്യോഗസ്ഥരുടേയും പ്രീതി നേടിയ അലി സർവീസ് കാലയളവ് പൂർത്തിയാക്കിയാണ് ഇന്ന് അഞ്ചൽ പടിയിറങ്ങുന്നത്.
ഇടപാടുകാർക്ക് ഗുണ മേന്മയുള്ള സേവനം നൽകുന്നതോടൊപ്പം തന്നെ ഗ്രാമീണ തപാൽ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങളുടെ മുന്നണി പടയാളിയായും വിവിധ തട്ടുകളായി കഴിഞ്ഞിരുന്ന ജീവനക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും അലി അക്ഷീണം പ്രയത്നിച്ചു.
ആൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയൻ ഒറ്റപ്പാലം ഡിവിഷൻ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ കമ്മിറ്റി അംഗം എന്നീ നിലയിൽ ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു.
പ്രാദേശിക മാധ്യമ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അലി 1997ലും 2002ലും മികച്ച പ്രാദേശിക ലേഖകനുള്ള പാലക്കാട് പ്രസ് ക്ലബിന്റെ ഇ.എ.വഹാബ് അവാർഡ് നേടിയിട്ടുണ്ട്. 2009ൽ റോട്ടറി ക്ലബിന്റെ എക്സലൻസ് അവാർഡും, 2014ൽ ദെൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ.അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ് പുരസ്ക്കാരവും, 2022ൽ എം.ടി വേണു സാഹിത്യ പുരസ്കാരവും നേടിയിട്ടുണ്ട്.
ചിരി മറന്ന കോമാളി (കഥകൾ), സൂര്യശയനം (നോവൽ), ഈസൻമൂസ (ബാലനോവൽ), മുൾദളങ്ങൾ (കഥകൾ), പൂഴിപ്പുഴ (കഥകൾ), ഓട്ടപ്പുരയിലെ പ്രജയും ബീഡിക്കമ്പനിയിലെ ജിന്നും (ഓർമ്മ) എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: ഇയ്യാത്തുക്കുട്ടി. മക്കൾ: സബിദ, ഉബൈദ്.