തൃശ്ശൂർ: പുതിയൊരു ജീവിതം സ്വപ്നം കണ്ട് കുവൈത്തിലേക്ക് പോയ ബിനോയ് തോമസ് ഒരാഴ്ച തികയും മുൻപേ വീട്ടുകാർക്ക് അരികിലേക്ക് തിരിച്ചെത്തുകയാണ്… ജീവനില്ലാതെ. എൻബിടിസി കമ്പനിയുടെ കീഴിലുള്ള ഹൈവേ സെൻ്ററിൽ ജോലി കിട്ടി കഴിഞ്ഞ ആഴ്ച കുവൈത്തിലേക്ക് പോയ ബിനോയ് അഗ്നിബാധയിൽ മരണപ്പെട്ടപ്പോൾ ഇല്ലാതായത് ഒരുപാട് സ്വപ്നങ്ങളും ഒരു കുടുംബത്തിൻ്റെ താങ്ങുമാണ്.
ചാവക്കാട് തെക്കൻ പാലയൂരിലെ കുടുംബ വീട്ടിലാണ് ബിനോയ് എന്ന ബിനോയ് തോമസും കുടുംബവും താമസിച്ചിരുന്നത്. കുവൈത്തിലേക്ക് മാറുന്നതിന് തൊട്ടുമുൻപാണ് ബിനോയ് സ്വന്തം പേരിലുള്ള സ്ഥലത്ത് ഒരു ഷെഡ് കെട്ടി കുടുംബത്തെ അങ്ങോട്ട് മാറ്റി പാർപ്പിച്ചത്. സ്വന്തമായൊരു വീട് എന്ന സ്വപ്നം സാധ്യമാക്കാനാണ് ബിനോയ് കുവൈത്തിലേക്ക് പോയത്. നാല് ദിവസം മുൻപ് കുവൈത്തിലെത്തിയ ബിനോയ് കഴിഞ്ഞ ദിവസമാണ് ആദ്യമായി ജോലിക്ക് കേറിയതെന്നാണ് ബന്ധുക്കൾ പറയുന്നത്
ചൊവ്വാഴ്ച രാത്രി രണ്ട് മണി വരെ ബിനോയ് ഓൺലൈനിലുണ്ടായിരുന്നു. പുലർച്ചെ നാലരയോടെയാണ് ലേബർ ക്യാംപിൽ അഗ്നിബാധയുണ്ടായത്. നാട്ടിലുള്ളവർ ഇതേക്കുറിച്ച് അറിഞ്ഞ ശേഷം ബിനോയിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലൈനിൽ കിട്ടിയില്ല. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതെ വന്നതോടെ ബിനോയിയുടെ സുഹൃത്തുകൾ ഇടപെട്ട് കുവൈത്തിലെ രണ്ട് സുഹൃത്തുകളെ നേരിട്ട് അന്വേഷിക്കാൻ അയച്ചു. ഇവർക്ക് ബിനോയിയുടെ ആധാർ കാർഡും ചിത്രങ്ങളും അയച്ചു കൊടുത്തിരുന്നു
ഈ സുഹൃത്തുകൾ എൻബിടിസി ക്യാംപിലും പിന്നീട് ആശുപത്രിയിലും ബിനോയിക്കായി തെരച്ചിൽ നടത്തി. ഒടുവിൽ ആശുപത്രിയിൽ മോർച്ചറിയിലെത്തി നടത്തിയ പരിശോധനയിൽ ബിനോയിയുടെ മൃതദേഹം ഇവർ കണ്ടു. ഈ സുഹൃത്തുകൾ വിവരം അറിയിച്ചതോടെ ബിനോയിയുടെ തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരുന്ന കുടുംബം സങ്കട കയത്തിലേക്ക് വീണ നിലയിലായി. ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിൽ എത്തിച്ച മൃതദേഹം വൈകിട്ടോടെ ചാവക്കാട്ടെ വീട്ടിലെത്തി അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം കുന്നംകുളത്തെ സെമിത്തേരിയിൽ മൃതദേഹം അടക്കി.