ഷൊർണൂർ - കണ്ണൂർ ട്രെയിനിന് പള്ളിപ്പുറത്തും തിരുന്നാവായയിലും സ്റ്റോപ്പ് അനുവദിക്കണം; അബ്ദുസമദ് സമദാനി എം പി

 


ഷൊർണ്ണൂർ : പുതുതായി അനുവദിച്ച ഷൊർണൂർ - കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ്  ട്രെയിനിന് (06031, 06032) പാലക്കാട് ജില്ലയിലെ പള്ളിപ്പുറത്തും മലപ്പുറം ജില്ലയിലെ തിരുന്നാവായയിലും സ്റ്റോപ്പ് അനുവദിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിംഗ്, പാലക്കാട് ഡി.ആർ.എം അരുൺകുമാർ ചതുർവേദി എന്നിവരോട് അബ്ദുസമദ് സമദാനി എം പി ആവശ്യപ്പെട്ടു.

ഈ ട്രെയിനുകൾക്ക് ഇവിടങ്ങളിൽ സ്റ്റോപ്പ്  അനുവദിക്കുന്നതിലൂടെ വലിയൊരു മേഖലയിലെ യാത്രക്കാരുടെ യാത്രാപരമായ അസൗകര്യങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് ഇരുവർക്കുമയച്ച ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു.


തൊഴിലാളികളും വ്യാപാരികളും വിദ്യാർഥികളുമടങ്ങുന്ന ധാരാളം യാത്രക്കാർ ആശ്രയിക്കുന്നതും ഒട്ടേറെ പ്രാധാന്യമുള്ളതുമായ  സ്റ്റേഷനാണ് പള്ളിപ്പുറം.പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള ഏക സ്റ്റേഷൻ കൂടിയാണിത്.


തിരുന്നാവായ സ്റ്റേഷനിനാകട്ടെ സാമൂഹികവും വാണിജ്യപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്.
പരേതാത്മാക്കൾക്ക് വേണ്ടി ബലിതർപ്പണം നടത്താൻ നാവാമുകുന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭാരതപ്പുഴയുടെ ഈ തീരപ്രദേശത്തേക്ക് നാനാ ഭാഗങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ എത്തിച്ചേരാറുണ്ട്.

നിലവിൽ പട്ടാമ്പിക്കും തിരൂരിനുമിടയിൽ കുറ്റിപ്പുറത്ത് മാത്രമാണ് പുതിയ ട്രെയിനിന് സ്റ്റോപ്പുള്ളത്.പള്ളിപ്പുറത്തും തിരുന്നാവായയിലും സ്റ്റോപ്പനുവദിക്കുന്നത് നേരത്തെ തന്നെ യാത്രാ ദുരിതമനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക്  തുണയാകും.

സ്റ്റോപ്പനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് ഡി.ആർ.എമ്മുമായി ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു.വിശദമായി വിഷയം ചർച്ച ചെയ്ത അദ്ദേഹം പുതിയ സ്റ്റോപ്പുകളനുവദിക്കുന്നതിന് ട്രെയിൻ അര മണിക്കൂറെങ്കിലും നേരത്തെ ഓടിത്തുടങ്ങണമെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചു.


മറ്റു ട്രെയിനുകളുടെ
സമയവുമായും റെയിൽ പാതയുമായും ബന്ധപ്പെട്ട സാങ്കേതികത്വങ്ങൾ
പരിഗണിച്ച് സ്റ്റോപ്പനുവദിക്കുന്ന കാര്യം ഗൗരവപൂർവ്വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Below Post Ad