ശബ്ദസന്ദേശങ്ങളെ എഴുത്താക്കിമാറ്റാന്‍ സാധിക്കുന്ന ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. വോയ്‌സ് മെസേജുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അവ വായിച്ചറിയാന്‍ ഈ ഫീച്ചര്‍ സഹായകമാവും. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്.
ചില രാജ്യങ്ങളിലെ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായുള്ള വളരെ കുറച്ച് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വാട്‌സാപ്പ് ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിന്ദി, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യന്‍, പോര്‍ച്ചുഗീസ് ഭാഷകളിലാണ് ഈ ഫീച്ചര്‍ ലഭ്യമായിരിക്കുന്നതെന്ന് വാബീറ്റാ ഇന്‍ഫോ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങള്‍ അയക്കുന്ന ശബ്ദസന്ദേശങ്ങളും, നിങ്ങള്‍ക്ക് ലഭിക്കുന്ന ശബ്ദ സന്ദേശങ്ങളും ട്രാസ്‌ക്രൈബ് ചെയ്യാനാവും. ഫോണില്‍ തന്നെയാണ്
ട്രാസ്‌ക്രിപ്ഷന്‍ പ്രക്രിയ നടക്കുക. അതായത് ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റ് ആക്കി മാറ്റുന്നതിനായി പുറത്തുള്ള സെര്‍വറുകളിലേക്ക് അയക്കില്ല.
അടുത്തിടെയാണ് മെറ്റ എഐ ചാറ്റ്‌ബോട്ട് വാട്‌സാപ്പില്‍ വന്നത്. ഇതിനകം ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയെടുക്കാന്‍ ഈ ചാറ്റ്‌ബോട്ട് ഫീച്ചറിന് സാധിച്ചിട്ടുണ്ട്.