കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് തെക്കേ ഇന്ത്യയിൽ നിന്നുള്ള ഒരു ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്നുള്ള എംഎൽഎ ഹസൻ മൗലാന വിജയിച്ചു.
കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം കേരളത്തിൽ നിന്നുള്ളവർ ഉൾപ്പടെ തമിഴ്നാട്ടിൽനിന്നുള്ള എംഎൽഎ ഹസൻ മൗലാനയെ പിന്തുണച്ചു.വോട്ട് ചെയ്യുന്നതിന് കേരളത്തിലെ ഹജ്ജ് കമ്മിറ്റി മെമ്പർമാർ ഡൽഹിയിലെ ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്തി.
തമിഴ്നാട്ടിലെ സംസ്ഥാന യൂത്ത് കോൺഗ്രസിൻറെ മുൻ അധ്യക്ഷൻ കൂടിയായിരുന്ന ഹസൻ മൗലാനയുടെ വിജയത്തിന് കേരള ഹജ്ജ് കമ്മിറ്റി മെമ്പർമാരുടെകൂടി പിന്തുണ ലഭിച്ചതിൽ തമിഴ്നാട് ഹജ്ജ് കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.
തെക്കേ ഇന്ത്യ ഒന്നിച്ച് നിന്ന ഈ തെരഞ്ഞെടുപ്പ് വിജയം നല്ല സന്ദേശമാണ് നൽകുന്നതെന്ന് കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കൂടിയായ മുഹമ്മദ് മുഹസിൻ എം എൽ എ പറഞ്ഞു.