പട്ടാമ്പി:യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ അറബിക് ലാംഗ്വേജ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 10 മുതൽ 12 വരെ ദുബൈയിൽ നടക്കുന്ന പത്താമത് രാജ്യാന്തര അറബി ഭാഷാ സമ്മേളനത്തിലേക്ക് ഡോ.അബ്ദു പതിയിലിന് ക്ഷണം.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മുഖ്തൂമിൻ്റെ മേൽനോട്ടത്തിലാണ് ത്രിദിന ഭാഷാ സമ്മേളനം നടക്കുന്നത്.
വിവിധ അറബി രാജ്യങ്ങൾക്ക് പുറമെ ഇതര രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ദരും അറബി ഭാഷാ പണ്ഡിതരും വകുപ്പധ്യക്ഷന്മാരും സ്ഥാപന മേധാവികളും പത്രാധിപന്മാരും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്ന സമ്മേളനത്തിൽ നിരവധി പ്രബന്ധങ്ങൾ ചർച്ചയാവും.
ഒരു സെഷൻ്റെ അധ്യക്ഷനായാണ് ഡോ.അബ്ദു പതിയിൽ ക്ഷണിക്കപ്പെട്ടിട്ടുളളത്. പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ 18 വർഷം അറബി വകുപ്പധ്യക്ഷനായിരുന്ന കൊടലൂർ സ്വദേശി അബ്ദു പതിയിൽ, നിലവിൽ പട്ടാമ്പി എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പലാണ്. എസ്.സി.ഇ.ആർ.ടി. സ്കൂൾ ടെക്സ്റ്റ് ബുക്ക് രചനാ വിദഗ്ദ സമിതിയംഗം, കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റി അക്കാദമിക് കൗൺസിലർ,
എം.ഇ.എസ് മമ്പാട് കോളേജിൽ അറബിക് റിസർച്ച് ഗൈഡ് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. നിരവധി അന്താരാഷ്ട്ര സെമിനാറുകൾ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്ത അബ്ദു, ഗ്രന്ഥകാരൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലും അറിയപ്പെടുന്നു. സമ്മേളനത്തിൽ സംബന്ധിക്കാൻ ഒക്ടോബർ ആദ്യവാരം ദുബൈയിലേക്ക് അദ്ദേഹം യാത്ര തിരിക്കും.