പട്ടാമ്പി : തൃത്താലകൊപ്പം പുതിയ റോഡിന് സമീപം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ചങ്ങരംകുളം കോക്കൂർ സ്വദേശികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ചങ്ങരംകുളം കോക്കൂർ പാണംപടി സ്വദേശികളായ മാളിയേക്കൽ ആയിഷ (75) മരുമകൾ സജ്ന (43)എന്നിവരാണ് മരിച്ചത്. സജ്‌നയുടെ ഭർത്താവ് അഷറഫിനെ ഗരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെ കൊപ്പം ആമയൂർ പുതിയ റോഡിൽവെച്ചാണ് അപകടം സംഭവിച്ചത് .ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം താഴ്‌ചയിലേക്ക് മറിയുകയായിരുന്നു .
സജ്‌ന അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം. ആയിഷയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആയിഷയെ പെരിന്തൽമണ്ണയിൽ ആശുപത്രിയിൽ കാണിച്ചു തിരിച്ചു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.