പാലക്കാട് കോൺഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന്  എ.കെ. ഷാനിബ്; തീരുമാനം നാളെ പ്രഖ്യാപിക്കും

 


പാലക്കാട്: സ്വന്തം പാളയത്തിൽ നിന്ന് ഡോ. പി സരിൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായതിന് പിന്നാലെ, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിനെ നേരിടാൻ വിമതനും രംഗത്ത്. 

രാഹുലിന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ നേതാവായ എ കെ ഷാനിബാണ് വിമത സ്ഥാനാർത്ഥിയാവുക. സ്വതന്ത്ര സ്ഥാനാർത്ഥിയായി പാലക്കാട് മത്സരിക്കുമെന്ന് ഷാനിബ്  പറഞ്ഞു. തീരുമാനം നാളെ രാവിലെ പത്ര സമ്മേളനത്തിൽ പ്രഖ്യാപിക്കും

ഷാഫി പറമ്പലിനെതിരെ രൂക്ഷ വിമർശനവും ഷാനിബ് ഉയർത്തുന്നു. ഷാഫി നെറികേടിന്റെ പര്യായമാണെന്നും പിന്നിൽ നിന്ന് കുത്തുന്നവനാണെന്നും ഷാനിബ് പറഞ്ഞു. പട്ടാമ്പിയിലെ നേതാവ് കെ എസ് ബി എ തങ്ങളുടെ സ്ഥാനാർത്ഥിത്വം ഇല്ലാതാക്കിയത് ഷാഫിയാണെന്നും ഷാനിബ് ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയാണ് തൃത്താല മണ്ഡലത്തിലെ എ കെ ഷാനിബ്. ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ഡോ. പി സരിന് പിന്നാലെ എ കെ ഷാനിബും കോണ്‍ഗ്രസിനെതിരെ പരസ്യമായി വിമർശനവുമായി രംഗത്ത് വന്നിരുന്നു. 

പിന്നാലെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാർട്ടിയെ പ്രതിരോധത്തിലാക്കി വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി.

Below Post Ad