പട്ടാമ്പി : സാഹസികയാത്ര വിജയംകണ്ടതിന്റെ ആഹ്ലാദത്തിലാണ് ഏഴു വയസ്സുകാരിയായ പട്ടാമ്പി സ്വദേശി അനയ രഞ്ജിത്തും രക്ഷിതാക്കളും. എവറസ്റ്റ് കൊടുമുടിയിലേക്കാണു പിതാവിനൊപ്പം അനയ സാഹസികയാത്ര നടത്തിയത്.
5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാംപിലെത്തിയ മലയാളികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ എന്ന ബഹുമതി അനയയെ തേടി എത്തുമെന്ന പ്രതീക്ഷയിലാണു പിതാവ് രഞ്ജിത്.
മരംകോച്ചുന്ന തണുപ്പും അപകടം പതിയിരിക്കുന്ന വഴികളുമുള്ള എവറസ്റ്റ് യാത്രയിൽ ഉയരത്തിലെത്തും തോറും ഓക്സിജൻ ലവൽ കുറയുമെന്നതിനാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി പലരും യാത്ര മതിയാക്കി മടങ്ങുകയാണു പതിവ്. വിമാനയാത്രയ്ക്കു ശേഷം 200 കിലോമീറ്ററിലേറെയാണു ട്രെക്കിങ് ദൂരം.
ദുബായിൽ നിന്നു കഠ്മണ്ഡു വരെ വിമാനത്തിലായിരുന്നു യാത്ര. കഠ്മണ്ഡുവിൽ നിന്ന് ലുക്ല എയർപോർട്ട് വരെ 16 സീറ്റുള്ള വിമാനത്തിൽ യാത്ര. പിന്നീട് 8 ദിവസത്തെ കാൽനടയാത്ര. രഞ്ജിത്തിനും മകൾക്കും ഒപ്പം ഗൈഡും, ഭാരം ചുമക്കാൻ ഒരു പോർട്ടറുംഉണ്ടായിരുന്നു. തിരുവോണദിവസം ആരംഭിച്ച യാത്ര 8 ദിവസത്തിനു ശേഷം എവറസ്റ്റ് ബേസ് ക്യാംപിലെത്തി.
ദുബായ് ഔർ ഓൺ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിനിയാണു പട്ടാമ്പി മുതുതല അടാട്ട് വീട്ടിൽ രഞ്ജിത്തിന്റെയും പട്ടാമ്പി ചെറുപുഷ്പത്തിൽ രാഖി പ്രസാദിന്റെയും ഏക മകളായ അനയ.
തന്റെ അറിവിൽ എവറസ്റ്റ് കയറുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ കുട്ടിയും കേരളത്തിൽനിന്നുള്ള ആദ്യത്തെ കുട്ടിയും അനയ ആയിരിക്കുമെന്നു രഞ്ജിത് പറയുന്നു.