പെരിന്തല്‍മണ്ണ : ജ്വവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറും അറസ്റ്റില്‍.ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെയാണ് കേസില്‍ പോലീസ് പിടികൂടിയത്.
ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ വാഹനമോടിച്ചിരുന്നത് അര്‍ജുനായിരുന്നു. അതേസമയം, ബാലഭാസ്‌കറിന്റെ മരണവുമായി പെരിന്തല്‍മണ്ണയിലെ കേസിന് ബന്ധമില്ലെന്നാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി.യുടെ പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നത്. ആസൂത്രിതമായി നടന്ന വന്‍കവര്‍ച്ചയിൽ നേരത്തെ 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുനും(28) ഉണ്ടായിരുന്നു.
ഇയാളെ ചോദ്യംചെയ്തതോടെയാണ് നേരത്തെ ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനാണെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വര്‍ണവുമായി ചെര്‍പ്പുളശ്ശേരിയിലെത്തിയ ഒരു
ഒരു സംഘത്തെ മറ്റൊരു വാഹനത്തിലെത്തി കൂട്ടിക്കൊണ്ടുപോയത് അര്‍ജുനാണെന്നാണ് പോലീസ് പറയുന്നത്.
പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ചയില്‍ പ്രതികളില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് 1.72 കിലോഗ്രാം സ്വര്‍ണവും 32.79 ലക്ഷം രൂപയും കണ്ടെടുത്തത്. പ്രതികളായ തൃശ്ശൂര്‍ സ്വദേശികളുടെ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണവും പണവും.
പെരിന്തല്‍മണ്ണയിൽ മൂന്നരക്കിലോ സ്വർണം കവർന്ന സംഭവം; ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനും അറസ്റ്റിൽ
നവംബർ 28, 2024
Tags